ചണ്ഡീഗഡ് : പഞ്ചാബിലെ കപൂര്‍ത്തലയില്‍ മതനിന്ദയാരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ഗുരുദ്വാര നടത്തിപ്പുകാരന്‍ അറസ്റ്റില്‍. കപൂര്‍ത്തല ഗുരുദ്വാരയില്‍ മത നിന്ദയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു.
'കപൂര്‍ത്തല ഗുരുദ്വാരയില്‍ മതനിന്ദയുണ്ടായതിന് തെളിവില്ല. സംഭവം അന്വേഷിച്ച് വരികയാണ്. എഫ്ഐആര്‍ പരിഷ്കരിച്ച് കൊലപാതക കേസുള്‍പ്പെടുത്തും' - ചന്നി മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ:യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും; മുഖ്യപ്രതിയ്‌ക്ക് 71 വര്‍ഷം തടവ്
തിരിച്ചറിഞ്ഞിട്ടില്ലാത്ത 100 പേരെ എഫ്ഐആറില്‍ ഉള്‍പ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് ഗുരുദ്വാരയുടെ നടത്തിപ്പുകാരനായ അമര്‍ജിത്ത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തെന്നും അദ്ദേഹം അറിയിച്ചു.
സിഖ് ഗുരുദ്വാരകളില്‍ ഉയര്‍ത്തുന്ന കൊടിയായ നിഷാന്‍ സാഹിബിനെ (Nishan Sahib) കളങ്കപ്പെടുത്തി എന്നാരോപിച്ചാണ് യുവാവിനെ ഈ മാസം 19ന്(19.12.2021) ഒരു കൂട്ടം ആളുകള്‍ തല്ലിക്കൊന്നത്.
അമൃത്‌സറിലെ സുവര്‍ണക്ഷേത്രത്തില്‍ മതനിന്ദയാരോപിച്ച് ഒരാളെ തല്ലിക്കൊന്നതിന് തൊട്ടടുത്ത ദിവസമാണ് കപൂര്‍ത്തലയിലെ കൊല നടക്കുന്നത്.