ന്യൂഡൽഹി: രാജ്യത്ത് ഒരിടത്തും കൊവിഡ് വാക്‌സിൻ ലഭ്യതക്കുറവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ അളവിൽ വാക്‌സിൻ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ രാജ്യത്ത് കൊവിഡ് വർധനവ് നിയന്ത്രണാതീതമാണെന്നും കൊവിഡ് രോഗമുക്തി നിരക്ക് 92.38 ശതമാനവും മരണ നിരക്ക് 1.30 ശതമാനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കൊവിഡ് വ്യാപനം കൂടുതലുള്ള 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി ആരോഗ്യമന്ത്രാലയം വീഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നിരുന്നു. ചില സംസ്ഥാനങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ വീഴ്‌ച്ച വരുത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാക്‌സിൻ സ്വീകരിച്ച ശേഷവും കുറച്ച് പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. പ്രതിരോധ ശേഷി വേറിട്ട് നിൽക്കുന്നതിനാലാണിത്. വാക്‌സിൻ കുത്തിവെപ്പെടുത്ത ശേഷം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഹർഷ വർധൻ അറിയിച്ചു. ജനങ്ങൾ യാതൊരു മടിയും കൂടാതെ വാക്‌സിൻ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.