ന്യൂഡൽഹി : മണിപ്പൂർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം കോൺഗ്രസ് ചൊവ്വാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിക്കും. അയോഗ്യത നീങ്ങി ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ട രാഹുൽ ഗാന്ധിയായിരിക്കും ഇന്നത്തെ ശ്രദ്ധാകേന്ദ്രം. ചോദ്യോത്തര വേള കഴിഞ്ഞ് 12 മണിയോടെയാണ് ചർച്ച ആരംഭിക്കുക. അവിശ്വാസ പ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയാണ് ജൂലൈ 26ന് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്. ഓഗസ്‌റ്റ് എട്ടിലെ ബിസിനസ് ലിസ്റ്റ് പ്രകാരം ഗൗരവ് ഗൊഗോയ് പ്രമേയം അവതരിപ്പിക്കും. ഇത് അംഗീകരിച്ച് കഴിഞ്ഞാൽ കോണ്‍ഗ്രസ് തീരുമാനപ്രകാരം ഒരാള്‍ ചര്‍ച്ച നയിക്കും. ഇതുപ്രകാരം രാഹുൽ ഗാന്ധിയാകും കോണ്‍ഗ്രസ് പക്ഷത്തുനിന്ന് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക.
അവിശ്വാസ പ്രമേയം ഓഗസ്റ്റ് എട്ടിന് അവതരിപ്പിച്ച് കഴിഞ്ഞാൽ ചർച്ച ഓഗസ്റ്റ് 9,10 തീയതികൾ വരെ തുടരുമെന്നാണ് പാർലമെന്‍റ് വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ഭരണപക്ഷത്ത് നിന്ന് ആദ്യം സംസാരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഒൻപതാം തീയതി സംസാരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി 10-ാം തീയതി മറുപടി നൽകും. അതേസമയം രാഹുൽ ഗാന്ധി അവിശ്വാസ പ്രമേയ ചർച്ച നയിക്കുന്നതിലൂടെ, പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാമെന്നും സർക്കാരിനെ സമ്മർദത്തിലാക്കാമെന്നുമാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. അതേസമയം അംഗബലം ബിജെപിക്ക് അനുകൂലമാകും.
'രാഹുൽ ഈസ് ബാക്ക്' : മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസിനെ തുടര്‍ന്ന് നഷ്‌ടമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം ഏഴാം തീയതിയാണ് ലോക്‌സഭ സെക്രട്ടേറിയേറ്റ് പുനഃസ്ഥാപിച്ചത്. 134 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് എംപി പദവി തിരികെ കിട്ടുന്നത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി സുപ്രീം കോടതി ഓഗസ്റ്റ് നാലിനാണ് സ്റ്റേ ചെയ്‌തത്.
എന്നാൽ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തിട്ടും മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ലോക്‌സഭാംഗത്വം തിരികെ നൽകാൻ സുപ്രീം കോടതി തീരുമാനിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിക്കുന്നത് വൈകുകയാണെങ്കില്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.
ALSO READ : Rahul Gandhi Reinstated As MP | രാഹുല്‍ ഗാന്ധി തിരികെ ലോക്‌സഭയിലേക്ക് ; എംപി സ്ഥാനം പുനഃസ്ഥാപിച്ചു
കൂടാതെ ഇരുസഭകളിലും ഇത് സംബന്ധിച്ച് പ്രതിഷേധം സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭ സെക്രട്ടേറിയേറ്റ് അംഗത്വം പുനഃസ്ഥാപിച്ചത്.
വിവാദ പരാമർശം : 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് വിവാദമായത്. നീരവ് മോദിയേയും ലളിത് മോദിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പരാമര്‍ശിച്ച് നടത്തിയ പ്രസ്‌താവന അപകീര്‍ത്തി കേസിലേക്ക് നയിക്കുകയായിരുന്നു.
കള്ളന്‍മാര്‍ക്കെല്ലാം മോദി എന്ന് പേരുണ്ടായത് എങ്ങനെ എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. ഇത് മോദി വിഭാഗത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ച് ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കേസുകൊടുത്തത്. തുടര്‍ന്ന് മാര്‍ച്ച് 23ന് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു.