പട്‌ന: നിതീഷ് കുമാര്‍ എന്‍ഡിഎ മുന്നണി വിട്ടതോടെ അദ്ദേഹത്തിന്‍റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് വരികയാണ്. അദ്ദേഹത്തിന്‍റെ പാര്‍ട്ടിയില്‍ നിന്നുള്ള പല നേതാക്കളും 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന് നരേന്ദ്രമോദിക്ക് വെല്ലുവിളി സൃഷ്‌ടിക്കാന്‍ കഴിയുമെന്ന വാദവുമായി രംഗത്തുവന്നിട്ടുണ്ട്.
"എന്‍ഡിഎ വിട്ട് പുതിയ മുന്നണിക്ക് നേതൃത്വം വഹിച്ചതിന് നിതീഷ് കുമാറിന് നന്ദി. രാജ്യം താങ്കള്‍ക്കായി കത്തിരിക്കുന്നു" എന്നാണ് ജെഡിയുവിന്‍റെ പാര്‍ലമെന്‍ററി ബോര്‍ഡ് ചെയര്‍മാന്‍ ഉപേന്ദ്ര കുശ്‌വാഹ ഓഗസ്റ്റ് 9ന് ട്വീറ്റ് ചെയ്‌തത്. ഈ ട്വീറ്റില്‍ ജെഡിയുവിന്‍റെ ചിന്താഗതി വ്യക്തമാണ്.
താന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മല്‍സരിക്കുന്നുണ്ടെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞില്ലെങ്കിലും ബിജെപി വിരുദ്ധ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മാറാന്‍ ശ്രമിക്കുന്നു എന്നുള്ളതിന്‍റെ സൂചനകള്‍ നിതീഷ് കുമാര്‍ നല്‍കുന്നു. 2024 വരെ മാത്രമെ താന്‍ മുഖ്യമന്ത്രി പദത്തില്‍ ഉണ്ടാകുകയുള്ളൂ എന്നത് അതില്‍ നിതീഷ് നല്‍കിയ ഏറ്റവും പ്രധാന സൂചനയാണ്.
2025ലാണ് നിലവിലെ ബിഹാര്‍ നിയമസഭയുടെ കാലാവധി അവസാനിക്കുക എന്നുള്ള കാര്യം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തിനായി കൊതിക്കുന്നില്ല എന്ന് അദ്ദേഹം പരസ്യമായി പറയുന്നുണ്ട്. അതേസമയം ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറയുന്നു.
പഞ്ചാബില്‍ അകാലിദള്ളും മഹാരാഷ്‌ട്രയില്‍ ശിവസേനയും എന്‍ഡിഎ വിട്ടതിന് ശേഷം ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്ന് മറ്റൊരു പ്രധാന സഖ്യകക്ഷി എന്‍ഡിഎ വിടുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. നാല്‍പ്പത് ലോക്‌സഭ സീറ്റുകളുള്ള ബിഹാര്‍ ദേശീയ രാഷ്‌ട്രീയത്തില്‍ പ്രധാനമാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെഡിയു ഉള്‍പ്പെട്ട എന്‍ഡിഎ ബിഹാറില്‍ സീറ്റുകള്‍ തൂത്തുവാരുകയായിരുന്നു. നാല്‍പ്പതില്‍ 39 സീറ്റുകളും എന്‍ഡിഎ നേടി. ജെഡിയു എന്‍ഡിഎ വിട്ടതോടുകൂടി ബിഹാറില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം 2019 ആവര്‍ത്തിക്കുക എന്നത് ശ്രമകരമാണ്.
നിതീഷിന് അനുകൂലമായ രാഷ്‌ട്രീയ ഘടകങ്ങള്‍: ബിജെപി വിരുദ്ധ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ മറ്റ് നേതാക്കളെ അപേക്ഷിച്ച് ഒരു പാട് രാഷ്‌ട്രീയ ഘടകങ്ങള്‍ നിതീഷ് കുമാറിന് അനുകൂലമായിട്ടുണ്ട്. അഴിമതി വിരുദ്ധ പ്രതിച്ഛായ, ദീര്‍ഘകാലം മുഖ്യമന്ത്രി എന്ന നിലയിലും കേന്ദ്രമന്ത്രി എന്ന നിലയിലുമുള്ള ഭരണ പരിചയം, ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള രാഷ്‌ട്രീയ നേതാവ് എന്നിവ നിതീഷിനെ സംബന്ധിച്ച് അനുകൂല ഘടകങ്ങളാണ്.
പ്രധാനമന്ത്രി സ്ഥാനത്തിനായി ആഗ്രഹിക്കുന്ന മറ്റ് പല നേതാക്കളും ബിജെപി വിരുദ്ധ മുന്നണിയില്‍ ഉണ്ട് എന്നുള്ളതാണ് നിതീഷിനെ സംബന്ധിച്ച ഒരു കടമ്പ. മമത ബാനര്‍ജി, ശരദ് പവാര്‍, കെസിആര്‍, അരവിന്ദ് കെജ്രിവാള്‍ എന്നിവരാണ് പ്രധാനമന്ത്രി സ്ഥാനത്ത് വരാന്‍ ആഗ്രഹിക്കുന്ന നേതാക്കള്‍. ഇവരടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചാല്‍ മാത്രമെ ബിജെപി വിരുദ്ധ മുന്നണി ശക്തമാകുകയുള്ളൂ.
ബിഹാറിലെ നിലവിലെ രാഷ്‌ട്രീയ സംഭവങ്ങള്‍ ദേശീയ രാഷ്‌ട്രീയത്തെ അത്ര കണ്ട് സ്വാധീനിക്കാന്‍ കഴിയുന്നവയല്ലെന്ന് തെരഞ്ഞെടുപ്പ് പ്രചരണ വിദഗ്‌ധനായ പ്രശാന്ത് കിഷോര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. പ്രധാനമന്ത്രിയാകാനുള്ള രാഷ്‌ട്രീയ മൂലധനം നിതീഷ് കുമാറിനില്ല എന്നാണ് ബിജെപി വക്‌താവ് ബിനോദ് ശര്‍മ പറഞ്ഞത്. "2014ല്‍ ജെഡിയു ഒറ്റയ്‌ക്ക് മല്‍സരിച്ചപ്പോള്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. നിതീഷ് കുമാര്‍ ബിജെപിക്ക് വെല്ലുവിളിയല്ല. മറ്റ് സംസ്ഥാനങ്ങളിലെ ഒരു നേതാവും നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ല", ബിനോദ് ശര്‍മ പറഞ്ഞു.
നരേന്ദ്ര മോദിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് അത്ര എളുപ്പമല്ല എന്ന് രാഷ്‌ട്രീയ നിരീക്ഷകനായ രവി ഉപാദ്ധ്യായും പറയുന്നു. "നരേന്ദ്ര മോദി ദേശീയ തലത്തില്‍ ഏറെ അംഗീകാരം നേടി കഴിഞ്ഞ നേതാവാണ്. ഏറ്റവും ശക്‌തനായ പ്രധാനമന്ത്രിയാണ് അദ്ദേഹം. നിതീഷിന്‍റെ നേതൃത്വത്തിലുള്ള മഹാഗഡ്‌ബന്ദന്‍ സംഖ്യത്തിന് ബിഹാറില്‍ എന്‍ഡിഎയ്‌ക്ക് വെല്ലുവിളി സൃഷ്‌ടിക്കാന്‍ സാധിക്കും. ദേശീയ തലത്തില്‍ നിതീഷിന് അത് സാധിക്കണമെങ്കില്‍ കോണ്‍ഗ്രസ് നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കണം", ഉപാദ്ധ്യായ വ്യക്തമാക്കുന്നു.