ന്യൂഡൽഹി: ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യയുടെ ധനമന്ത്രി നിർമ്മലാ സീതാരാമൻ (Nirmala Sitharaman Listed In Forbes 2023 Worlds 100 Most Powerful Women). ഫോബ്‌സ് പുറത്തിറക്കിയ ലോകത്തെ 100 ശക്തരായ വനിതകളുടെ പട്ടികയിലാണ് യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് അടക്കമുള്ളവർക്കൊപ്പം നിർമ്മലാ സീതാരാമനും ഇടംപിടിച്ചത്. പട്ടികയിൽ 32-ാം സ്ഥാനത്താണ് നിർമ്മലാ സീതാരാമൻ. കഴിഞ്ഞ വർഷത്തെ ഫോർബ്‌സ് പട്ടികയിൽ 36-ാം സ്ഥാനത്തായിരുന്നു നിർമ്മല.
ഇന്ത്യയിൽ നിന്ന് മൂന്ന് വനിതകൾകൂടി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. എച്ച്ച്‌സിഎൽ കോർപ്പറേഷന്‍ സിഇഒ റോഷ്‌നി നാടാർ മൽഹോത്ര 60-ാം സ്ഥാനത്തും, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ സോമ മൊണ്ടൽ 70-ാം സ്ഥാനത്തും, ബയോകോൺ സ്ഥാപക കിരൺ മജുംദാർ-ഷാ 76-ാം സ്ഥാനത്തും ഇടംപിടിച്ചു.
Also Read: ഏഷ്യയിലെ ഏറ്റവും ശക്തരായ ബിസിനസ് വനിതകള്‍; ഫോബ്‌സിന്‍റെ പട്ടികയിൽ ഇടം പിടിച്ച് മൂന്ന് ഇന്ത്യക്കാർ
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ രണ്ടാം വർഷവും ഏറ്റവും ശക്തയായ വനിത എന്ന സ്ഥാനം നിലനിർത്തി. യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്റ്റീൻ ലഗാർഡെ രണ്ടാം സ്ഥാനത്തും, യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് മൂന്നാം സ്ഥാനത്തും എത്തി.
മീഡിയ ആന്‍റ് എന്‍റർടൈൻമെന്‍റ് വിഭാഗത്തിൽ അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ടെയ്‌ലർ സ്വിഫ്റ്റ് ഒന്നാമതായി. ആഗോളതലത്തിൽ ഏറ്റവും സ്വാധീനമുള്ള അഞ്ച് വ്യക്തികളുടെ പട്ടികയിൽ ടെയ്‌ലർ സ്വിഫ്റ്റ് അഞ്ചാം സ്ഥാനത്താണ്.
ബിസിനസ്, സാങ്കേതികവിദ്യ, ധനകാര്യം, മീഡിയ & എന്‍റർടൈൻമെന്‍റ്, രാഷ്ട്രീയവും നയവും, ജീവകാരുണ്യം എന്നിങ്ങനെ ആറ് വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് പട്ടികയിലുള്ളത്. റാങ്ക് നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഘടകങ്ങളിൽ പണം, മീഡിയ, സ്വാധീനം, സ്വാധീന മേഖല എന്നിവ ഉൾപ്പെടുന്നു.
Also Read: 'തരേണ്ടത് തന്നാല്‍ കൊടുക്കേണ്ടത് കൊടുക്കാം'; കേരളത്തിന് 'ചുട്ടമറുപടി' നല്‍കി കേന്ദ്ര ധനമന്ത്രി