മുംബൈ : ജി 20 ഉച്ചകോടി അവസാനിച്ചതിനുപിന്നാലെ സർവകാല റെക്കോഡിലേക്ക് കുതിച്ച് ഓഹരിവിപണി (Nifty hits 20000 for first time). ഇന്ത്യയുടെ മുൻനിര സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി 20,005.40 പോയന്‍റിലെത്തി റെക്കോഡിട്ടു (Nifty All time Record). വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 19,819.95 ആയിരുന്ന നിഫ്റ്റി ഇന്ന് മൂന്നരയോടെ 185.45 പോയന്‍റ് ഉയർന്ന് 20,005.40 ൽ എത്തി. ബിഎസ്ഇ സെൻസെക്‌സിലും ഇന്ന് ഉയർച്ച രേഖപ്പെടുത്തി. 557 പോയിന്‍റ് ഉയർന്ന സെൻസെക്‌സ് 67,156 ൽ എത്തി.
ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 528 പോയിന്‍റ് നേട്ടമുണ്ടാക്കി 67,127.08 ലും നിഫ്റ്റി 176 പോയിന്‍റ് ഉയർന്ന് 19,996.35 ലുമാണ്. വെള്ളിയാഴ്ച വെള്ളിയാഴ്ച ക്ലോസ് ചെയ്‌ത നിലവാരത്തേക്കാള്‍ ഏകദേശം 1 ശതമാനം ഉയർച്ചയാണ് നിഫ്റ്റിയിലുണ്ടായത്. ഈ വർഷം ജൂലായ് 20 ന് 19,991.85 ല്‍ എത്തിയതായിരുന്നു നിഫ്റ്റിയുടെ മുൻ സർവകാല റെക്കോഡ്.
ഇന്ത്യയ്ക്ക് ജി 20 ഉച്ചകോടി മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞതാണ് ഓഹരി വിപണിയിലെ കുതിപ്പിന് ഒരു കാരണമെന്ന് സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആഴ്‌ച മുതൽ തന്നെ വിപണിയിൽ കുതിപ്പ് ദൃശ്യമായിരുന്നു. സെൻസെക്‌സും നിഫ്റ്റിയും കുത്തനെയുള്ള ഉയർച്ച പ്രകടമാക്കി.
Also Read: രണ്ടാഴ്‌ചത്തെ നഷ്‌ട പ്രയാണത്തിന് അറുതി വരുത്തി ഇന്ത്യന്‍ ഓഹരി വിപണി
അദാനി പോർട്‌സ്, അദാനി എന്‍റര്‍പ്രൈസസ്, ആക്‌സിസ് ബാങ്ക്, അപ്പോളോ ഹോസ്‌പിറ്റല്‍സ് പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. അതേസമയം കോൾ ഇന്ത്യ, ബജാജ് ഫിനാൻസ്, ഒഎൻജിസി, എൽടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.