ഹൃദയസ്‌പര്‍ശിയായ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പോപ് ഗായകന്‍ നിക്ക് ജൊനാസ് (Nick Jonas). ജൊനാസ് സഹോദരങ്ങളുടെ സംഗീത പരിപാടിയില്‍ (Jonas Brothers concert) പങ്കെടുത്ത പങ്കാളി പ്രിയങ്ക ചോപ്രയുടെയും (Priyanka Chopra) മകള്‍ മാല്‍തി മേരിയുടെയും (Malti Marie Chopra Jonas) ചിത്രങ്ങളാണ് നിക്ക് തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കുടുംബത്തിനൊപ്പമുള്ള നിക്കിന്‍റെ മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് (Nick Jonas Shares Pictures With Priyanka And Daughter).
മൂന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് നിക്ക് ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. മകള്‍ മാല്‍തിക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളും, സ്‌റ്റേജില്‍ സോളോ ആയി സംഗീതം അവതരിപ്പിക്കുന്ന ഒരു ചിത്രവും. 'നിങ്ങളുടെ കുടുംബത്തെ വര്‍ക്ക് ഡേയിലേയ്‌ക്ക് കൊണ്ടുവരിക' - എന്ന അടിക്കുറിപ്പോടുകൂടിയാണ് നിക്ക് ചിത്രങ്ങള്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. ഒപ്പം ഒരു ചുവന്ന ഹാര്‍ട്ട് ഇമോജിയും.
നിക്കിന്‍റെ പോസ്‌റ്റിന് ആരാധകരുടെ കമന്‍റുകള്‍ ഒഴുകിയെത്തുകയാണ്. 'മാല്‍തി എത്ര വേഗത്തിലാണ് വളരുന്നത്' - എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. 'നിങ്ങളുടെ ഈ മനോഹരമായ കുടുംബത്തെ സ്‌നേഹിക്കുന്നു!! ഈ ചിത്രങ്ങള്‍, ഈ നിമിഷങ്ങൾ വളരെ വിലപ്പെട്ടതാണ്!' - മറ്റൊരാള്‍ കുറിച്ചു. 'ഈ ചിത്രങ്ങൾ വളരെ മനോഹരമാണ് !! ദൈവം നിങ്ങളെയും നിങ്ങളുടെ മനോഹരമായ കുടുംബത്തെയും തുടർന്നും അനുഗ്രഹിക്കട്ടെ' - വേറൊരു ആരാധകന്‍ കുറിച്ചു.
'അവള്‍ മനോഹരിയായ രാജകുമാരിയാണ്. നിങ്ങൾ ഇഷ്‌ടപ്പെടുന്നത് ചെയ്യുന്നത് കാണാൻ അവൾ എത്രമാത്രം ഇഷ്‌ടപ്പെടുന്നുവെന്നതും മനോഹരമായ കാര്യമാണ്' - മറ്റൊരു ആരാധകന്‍ കുറിച്ചു.
സംഗീത പരിപാടിയിലെ നിരവധി വീഡിയോകള്‍ നിക്ക് പങ്കുവച്ചിട്ടുണ്ട്. പരിപാടിക്കിടെ പ്രിയങ്കയെയും മാല്‍തിയെയും നിക്ക് അഭിവാദ്യം ചെയ്യുമ്പോള്‍, മാല്‍തിയെ പ്രിയങ്ക സ്‌റ്റേജിനോട് ചേര്‍ത്തുനിര്‍ത്തുന്നു. തുടര്‍ന്ന് മാല്‍തിയുടെ കൈപിടിച്ച് നെറുകയില്‍ ചുംബിക്കുന്ന നിക്കിനെയാണ് വീഡിയോയില്‍ കാണാനാവുക.
മൈക്കുമായി മാല്‍തിയുടെ അരികിലേക്ക് ചെല്ലുമ്പോള്‍, അത് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന മാല്‍തിയെയും വീഡിയോയില്‍ കാണാം. നിക്കിന്‍റെ പ്രകടനത്തിന് കൈ വീശുകയും കയ്യടിച്ച് പിന്തുണയ്‌ക്കുകയും ചെയ്യുകയാണ് മാല്‍തി. അമ്മാവന്‍ ജോ ജൊനാസിന് ഹൈ ഫൈ നല്‍കുന്ന കുഞ്ഞ് മാല്‍തിയെയും വീഡിയോയില്‍ കാണാം.
സംഗീത പരിപാടിയിലേക്ക് പ്രവേശിക്കുന്ന പ്രിയങ്കയുടെയും മാല്‍തിയുടെയും വീഡിയോയും നിക്ക് പങ്കുവച്ചിട്ടുണ്ട്. കയ്യില്‍ ഒരു സ്ലിംഗ് ബാഗുമായി പിങ്ക് വണ്‍ പീസ് വേഷത്തില്‍ പ്രിയങ്കയും വെള്ള വേഷത്തില്‍ മാല്‍തിയും ക്യൂട്ടായി കാണപ്പെടുന്നു. പിങ്ക് ഹെഡ്‌ഫോണ്‍ മാല്‍തിയുടെ കുഞ്ഞുചെവികളിലും കാണാം.