ന്യൂഡല്‍ഹി: 2016ൽ നിലമ്പൂർ വനമേഖലയിൽ മാവോയിസ്റ്റ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലെ 20 ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തി.
തമിഴ്‌നാട്ടിലെ ചെന്നൈ, കോയമ്പത്തൂർ, തേനി, രാമനാഥപുരം, സേലം, കന്യാകുമാരി, കൃഷ്ണഗിരി ജില്ലകളിലെ 12 സ്ഥലങ്ങളിലും, കേരളത്തിലെ വയനാട്, തൃശൂർ, കണ്ണൂർ ജില്ലകളിലെ മൂന്ന് സ്ഥലങ്ങളിലും, കർണാടകയിലെ ചിക്കമംഗളൂർ, ഉഡുപ്പി, ഷിമോഗ ജില്ലകളിലെ അഞ്ച് ഇടങ്ങളിലുമാണ് തിരച്ചില്‍ നടത്തിയത്.
പരിശോധനയില്‍ നിരവധി ഡിജിറ്റല്‍ സ്റ്റോറേജ് ഡിവൈസുകളും, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, പുസ്തകങ്ങൾ, മാനിഫെസ്റ്റോ, ലഘുലേഖകൾ തുടങ്ങിയവ കണ്ടെടുത്തതായും എൻഐഎ വക്താവ് വ്യക്തമാക്കി.
നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ 2016 സെപ്റ്റംബറില്‍ നിലമ്പൂര്‍ വനമേഖലയില്‍ ആയുധ പരിശീലനം ഉള്‍പ്പെടെയുള്ളവ നടത്തിയെന്നതാണ് കേസ്. 2017 മുതല്‍ കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ് 2021 ഓഗസ്റ്റിലാണ് എന്‍ഐഎ ഏറ്റെടുത്തത്.
നേരത്തെ 2021 മേയില്‍ കാളിദാസ്, കൃഷ്ണ എന്ന ഡാനിഷ്, രാജൻ ചിറ്റിലപ്പിള്ളി, ദിനേശ് ഡിഎച്ച്, ടികെ രാജീവൻ എന്നിങ്ങനെ അഞ്ച് പേരെ ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതേസമയം സംഘടനയിലെ ബാക്കിയുള്ള 20 അംഗങ്ങളുടെ ഇടപെടലിനെതിരെയാണ് എൻഐഎ അന്വേഷണം തുടരുന്നതെന്നും വക്താവ് പറഞ്ഞു.