ചണ്ഡിഗഡ്: ബൽവീന്ദർ സിങ് സന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. 2020 ഒക്ടോബറിൽ പഞ്ചാബിലെ തൻ താരനിൽ വെച്ചാണ് ശൗര്യ ചക്ര അവാർഡ് ജേതാവായ സഖാവ് ബൽവീന്ദർ സിങ് സന്ധുവിനെ കൊലപ്പെടുത്തിയത്.
കേസിൽ ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സിലെ (കെഎൽഎഫ്) എട്ട് തീവ്രവാദികൾക്കെതിരെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചത്. ഐപിസിയുടെ 120 ബി, 201, 212, 302 വകുപ്പുകൾ, 25 (1 ബി), ആയുധ നിയമത്തിലെ 27, സെക്ഷൻ 16, 17, 18, 18 ബി, എന്നീ വകുപ്പുകൾ പ്രകാരമാണ് എൻഐഎ പ്രത്യേക കോടതി, മൊഹാലി, പഞ്ചാബ് ഇന്‍റർ അലിയ എന്നിവിടങ്ങളിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കെതിരായ യുഎ (പി) നിയമത്തിലെ 20, 23, 38, 39, 40 എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
2020 ഒക്ടോബർ 16ന് സഖാവ് ബൽവീന്ദർ സിങിനെ തർ താരൻ ജില്ലയിലെ ഭിഖിവിന്ദിലെ വസതികൂടിയായ സ്‌കൂളിൽ വെച്ച് അജ്ഞാതരായ രണ്ട് പേർ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് കേസ്. ജനുവരി 26 ന് എൻഐഎ കേസ് വീണ്ടും രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. സഖാവ് ബൽവീന്ദർ സിങ് സന്ധുവിനെ കൊലപ്പെടുത്തിയത് ഇന്ത്യയിലെ ജനങ്ങളുടെയും പ്രത്യേകിച്ച് ഖാലിസ്ഥാൻ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നവരുടെയും മനസിൽ ഭീകരത സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് എൻഐഎ പ്രസ്‌താവനയിൽ പറഞ്ഞു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള കെഎൽഎഫ് മേധാവി ലഖ്‌വീർ സിങ് റോഡും വിദേശത്ത് നിന്നുള്ള കെഎൽഎഫ് തീവ്രവാദികളും പ്രതികൾക്ക് ആയുധങ്ങളും വെടിക്കോപ്പുകളും പണവും നൽകി കുറ്റകൃത്യത്തിൽ രാജ്യാന്തര ഗൂഡാലോചന നടത്തിയെന്നും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ധനസമാഹരണത്തിനായി പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ ആസ്ഥാനമായുള്ള സ്ഥാപനങ്ങൾ ആയുധങ്ങളോടൊപ്പം മയക്കുമരുന്ന് കടത്തിയതായും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി. 2016 ജനുവരി മുതൽ 2017 ഒക്ടോബർ വരെ കെഎൽഎഫ് ലക്ഷ്യമിട്ട കൊലപാതങ്ങളോ കൊലപാതകശ്രമങ്ങളോ ആയ സമാനമായ എട്ട് സംഭവങ്ങളെക്കുറിച്ച് നേരത്തെ അന്വേഷിച്ചിരുന്നതായും എൻഐഎ അറിയിച്ചു.
സന്ധുവിന്‍റെ കൊലപാതകത്തിനായി വിദേശ അധിഷ്ഠിത കെഎൽഎഫ് നേതൃത്വം ഒരു പ്രാദേശിക ഗുണ്ടാസംഘത്തലവനായ സുഖ്‌മീത് പാൽ സിങ് അഥവാ സുഖ് ബിഖരിവാളിനെ നിയമിക്കുകയും ധനസഹായവും ആയുധങ്ങളും നൽകിയതായും കൊലപാതകം തന്‍റെ കൂട്ടാളികൾ വഴി നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കുറ്റാരോപിതരായ മറ്റ് പ്രതികൾ സുഖ് ബിഖരിവാളിന്‍റെ കൂട്ടാളികളാണ്.