ന്യൂഡൽഹി: പന്തീരങ്കാവ് യുഎപിഎ കേസിൽ സുപ്രീംകോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. കുറ്റപത്രം നാലാംപ്രതി വിജിത് വിജയനെതിരെയാണ്. വിജിത് വിജയൻ മാവോയിസ്റ്റ് സംഘടനയുടെ സജീവ അംഗമായിരുന്നു എന്നാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്. അലൻ ഷുഹൈബിനെയടക്കം റിക്രൂട്ട് ചെയ്യുന്നതിൽ വിജിത് വിജയൻ പ്രധാന പങ്ക് വഹിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
അലൻ ഷുഹൈബിനെ സംഘടനയിലേക്ക് വരാൻ പ്രേരിപ്പിച്ചതും വിജിത് വിജയനാണെന്ന് എൻഐഎ കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് വിജിത് വിജയനെ അറസ്റ്റ് ചെയ്‌തത് ഇക്കൊല്ലം ജനുവരി 21നായിരുന്നു.
Also Read: പെഗാസസ്; സംയുക്ത പാർലമെന്‍ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
2019 നവംബർ ഒന്നിനായിരുന്നു കേസുമായി ബന്ധപ്പെട്ട് അലനെയും താഹയെയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നത്. ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയതിൽ വ്യാപക പ്രതിഷേധവും അന്ന് ഉയർന്നിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് എൻഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു.
ഗൂഡാലോചന, നിയമ വിരുദ്ധ പ്രവർത്തനം, നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുക, അന്യായമായി സംഘം ചേരുക തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍. കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്.