മുംബെെ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തു നിറച്ച വാഹനം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളിൽ കണ്ട വ്യക്തി സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിൻ വാസെയെന്ന് എന്‍ഐഎ. വലിയ തൂവാലകൊണ്ട് തല മറച്ച സച്ചിൻ വാസെയെ സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞുവെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
'' ആർക്കും തിരിച്ചറിയാൻ കഴിയാത്തവിധം വലിയ തൂവാലകൊണ്ട് തല മറച്ച സച്ചിൻ വാസെയെ സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞു. ശരീര ഭാഷയും മുഖവും തിരിച്ചറിയാതിരിക്കാന്‍ അമിത വലുപ്പത്തിലുള്ള കുർത്ത-പൈജാമയാണ് അയാള്‍ ധരിച്ചിരുന്നത്. അതു പിപിഇ കിറ്റ് ആയിരുന്നില്ല. വാസെയുടെ ക്യാബിനില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു ലാപ്ടോപ്പ് കണ്ടെടുത്തിരുന്നെങ്കിലും അതിലുള്ള എല്ലാ വിവരങ്ങളും മായ്ച്ചിരുന്നു. സെൽഫോൺ ആവശ്യപ്പെട്ടപ്പോള്‍ അത് എവിടയോ നഷ്ടപ്പെട്ടുപോയെന്നാണ് പറയുന്നത്. സത്യമെന്തെന്നാല്‍ അതു മനഃപൂര്‍വം അയാള്‍ ഉപേക്ഷിച്ചതാണ് '' എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാര്‍ച്ച് 25 വരെയാണ് വാസെയെ കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതേസമയം വാസെ താനെ സെഷന്‍ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 19ന് വാദം കേള്‍ക്കും. കഴിഞ്ഞ തിങ്കളാഴ്ച സ്‌പെഷ്യൽ ബ്രാഞ്ച് അഡീഷണല്‍ കമ്മിഷണറുടെ ഉത്തരവ് പ്രകാരം വാസെയെ മുംബെെ പൊലീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.