ഷിംല : ഭീകര സംഘടനയായ ലഷ്‌കറെ ത്വയിബയ്ക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്‌ത ഷിംല പൊലീസ് സൂപ്രണ്ട് അരവിന്ദ് ദിഗ്‌വിജയ് നേഗി ഐപിഎസ് മുന്‍പ് അന്വേഷിച്ചത് തീവ്രവാദവുമായി ബന്ധപ്പെട്ടതടക്കം സുപ്രധാന കേസുകള്‍.
10 വർഷത്തോളം എൻഐഎയിൽ സേവനമനുഷ്‌ഠിച്ച ശേഷം കഴിഞ്ഞ വര്‍ഷമാണ് അരവിന്ദ് ദിഗ്‌വിജയ് നേഗിയെ ഷിംല എസ്‌പിയായി നിയമിച്ചത്. എസ്‌ഡിആർഎഫ് ജുംഗയുടെ കമാൻഡന്‍റായും ഹിമാചൽ പ്രദേശ് സർക്കാർ അടുത്തിടെ നേഗിയെ നിയമിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശില്‍ നിന്നാണ് നേഗിയെ എന്‍ഐഎ അറസ്റ്റ് ചെയ്‌തത്. നവംബര്‍ ആറിന് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് നടപടി. നേഗിയെ കൂടാതെ മറ്റ് ആറ് പേരെയും കേസില്‍ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്ന് എന്‍ഐഎ അറിയിച്ചിട്ടുണ്ട്. എന്‍ഐഎയില്‍ നിന്ന് സംസ്ഥാന പൊലീസ് സര്‍വീസിലേക്ക് തിരികെയെത്തിയതിന് പിന്നാലെ കിന്നൗറിലെ നേഗിയുടെ വീട്ടില്‍ എൻഐഎ റെയ്‌ഡ് നടത്തിയിരുന്നു.
മനുഷ്യാവകാശ പ്രവർത്തകനായ ജമ്മു കശ്‌മീര്‍ സ്വദേശി ഖുറാം പര്‍വേസിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും പര്‍വേസിലൂടെ ലഷ്‌കറെ ത്വയിബയ്ക്ക് ഈ വിവരങ്ങള്‍ ലഭിച്ചുവെന്നുമാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഖുറാം പര്‍വേസിനെ കഴിഞ്ഞ വര്‍ഷം നവംബര്‍ 22ന് എന്‍ഐഎ അറസ്റ്റ് ചെയ്‌തിരുന്നു.
അജ്‌മീര്‍ ദര്‍ഗ സ്ഫോടന കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍
നിർഭയനും സത്യസന്ധനുമായ ഉദ്യോഗസ്ഥനെന്നാണ് അരവിന്ദ് ദിഗ്‌വിജയ് സിങ് നേഗിയെക്കുറിച്ച് നിലനിന്നിരുന്ന അഭിപ്രായം. 2007ലെ അജ്‌മീര്‍ ദര്‍ഗ സ്ഫോടന കേസ്, ഹുറിയത്ത് നേതാക്കള്‍ക്കെതിരെയുള്ള കേസ്, ഷിംലയിലെ ഇഷിത ആസിഡ് കേസ് ഉള്‍പ്പടെ നിരവധി സുപ്രധാന സംഭവങ്ങള്‍ അന്വേഷിച്ചത് നേഗിയാണ്.
അജ്‌മീര്‍ ദര്‍ഗ സ്ഫോടന കേസില്‍ 2018 ഓഗസ്റ്റില്‍ ആര്‍എസ്‌എസ് നേതാവ് ദേവേന്ദ്ര ഗുപ്‌ത, ഭവേഷ് പട്ടേല്‍ എന്നിവരെ പ്രത്യേക എന്‍ഐഎ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. 2008ലെ മാലേഗാവ് സ്ഫോടന കേസില്‍ അന്വേഷണ സംഘത്തില്‍ തുടക്ക കാലത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീട് മാറ്റി. സ്വാമി അസീമാനന്ദ പ്രതിയായ സംഝോത എക്‌സ്‌പ്രസ് സ്ഫോടന കേസിന്‍റെ അന്വേഷണ സംഘത്തിലും നേഗിയുണ്ടായിരുന്നു.
2006ലെ സിപിഎംടി പേപ്പർ ചോർച്ച കേസ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു നേഗി. ഇരയുടെ രക്ഷിതാക്കളുടെ ആവശ്യ പ്രകാരമാണ് നേഗിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്.
അന്നത്തെ മന്ത്രിസഭാംഗമായിരുന്ന രംഗീല രാം റാവുവിന്‍റെ സഹോദരൻ കുല്‍ദീപ് റാവു ഉൾപ്പടെ 119 പ്രതികൾക്കെതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. എൻഐഎയിലായിരുന്നപ്പോഴും അദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
Read more: രഹസ്യവിവരങ്ങൾ ലഷ്‌കറെ ത്വയിബ ഭീകരർക്ക് ചോർത്തി നൽകി; ഷിംല പൊലീസ് സൂപ്രണ്ട് അറസ്റ്റിൽ