ശ്രീനഗർ: കശ്‌മീരിലെ സിവിലിയൻ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് എൻഐഎ എട്ട് പേരം കൂടി അറസ്റ്റ് ചെയ്‌തു. അറസ്റ്റിലായ എട്ട് പേരും വിവിധ തീവ്രവാദി സംഘടനകളിൽപ്പെട്ടവരാണെന്നും ഭീകരർക്ക് വസ്‌തുക്കൾ എത്തിച്ചുകൊടുക്കുന്നതുൾപ്പെടെയുള്ള സഹായം ചെയ്തുകൊടുക്കുന്നവരാണെന്നും എൻഐഎ അറിയിച്ചു.
ശ്രീനഗർ, കുൽഗാം, ഷോപിയാൻ, പുൽവാമ, അനന്ത്‌നാഗ്, ബാരാമുള്ള എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തതെന്ന് എൻഐഎ വ്യക്തമാക്കി.
ശ്രീനഗറിൽ നിന്നുള്ള ആദിൽ അഹമ്മദ് വാർ, മനാൻ ഗുൽസാർ ദാർ, സോഭിയ, സമീൻ ആദിൽ, ഹാരിസ് നിസാർ ലംഗൂ, കുപ്‌വാരയിൽ നിന്നുള്ള ഹിലാൽ അഹമ്മദ് ദാർ, ഷാക്കിബ് ബഷീർ, അനന്ത്നാഗിലെ റൗഫ് ഭട്ട് എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇലക്‌ട്രോണിക് ഉപകരണങ്ങളും രേഖകളും ഇവരിൽ നിന്നും പിടിച്ചെടുത്തു.
സിവിലിയൻ കൊലപാതകങ്ങളെ തുടർന്ന് ഒക്‌ടോബർ 10നാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കുന്നത്. ഇന്ന് അറസ്റ്റ് ചെയ്‌ത എട്ട് പേർ ഉൾപ്പെടെ സംഭവവുമായി ബന്ധപ്പെട്ട് 21 പേരെ എൻഐഎ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സമീപപ്രദേശത്ത് നിന്നുള്ളവരും തദ്ദേശീയരുമായ അഞ്ച് തൊഴിലാളികളുൾപ്പെടെ ഒൻപത് സാധാരണക്കാരാണ് തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണങ്ങൾക്ക് ശേഷം സുരക്ഷ സേന ജമ്മു കശ്‌മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാക്കുകയും 10 ഏറ്റുമുട്ടലുകളിലായി 15 തീവ്രവാദികളെ വധിക്കുകയും ചെയ്‌തു.
Also Read: ഭീകരാക്രമണത്തിൽ പ്രദേശവാസികൾ കൊല്ലപ്പെട്ട സംഭവം: ജമ്മു കശ്മീരിൽ എൻഐഎ റെയ്‌ഡ്