ഹൈദരാബാദ് : തെലുങ്ക് സംസ്ഥാനങ്ങളിൽ പുതുവത്സര ആഘോഷത്തിൽ 300 കോടിയോളം രൂപയുടെ മദ്യ വിൽപ്പന നടന്നതായി പ്രാഥമിക റിപ്പോർട്ട്. തെലങ്കാനയിൽ 172 കോടിയുടെയും ആന്ധ്രപ്രദേശിൽ 124 കോടിയുടെയും മദ്യവില്‍പ്പന നടന്നതായാണ് പ്രാഥമിക കണക്ക്. കൃത്യമായ റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഹൈദരാബാദ് ഉൾപ്പടെയുള്ള നഗരങ്ങളിലെ പബ്ബുകൾ, ബാറുകൾ, മദ്യഷോപ്പുകൾ എന്നിവയുടെ സമയക്രമത്തിൽ ഇളവുകൾ നൽകിയത് വിൽപ്പന വർധിപ്പിച്ചു. രാത്രി 12 മണി വരെയാണ് ആദ്യം സമയക്രമം നിശ്ചയിച്ചതെങ്കിലും ഒരു മണി വരെ പ്രവർത്തിക്കാൻ പൊലീസ് അനുമതി നൽകിയതാണ് റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് കളമൊരുക്കിയത്. ഹൈദരാബാദിലും രംഗറെഡ്ഡിയിലുമാണ് വൻതോതിൽ മദ്യവിൽപ്പന നടന്നത്.
READ MORE: 2021ന്‍റെ അവസാന നാള്‍ കേരളം കുടിച്ചത് 82 കോടിയുടെ മദ്യം
ഡിസംബർ മാസത്തിൽ തെലങ്കാനയിൽ മദ്യവിൽപ്പനയിലൂടെ 3,459 കോടി രൂപയാണ് ഖജനാവിലെത്തിയത്. സംസ്ഥാനത്ത് 2020 ഡിസംബറിൽ 2,765 കോടിയുടെ മദ്യവിൽപ്പനയാണ് നടന്നത്. അതേസമയം 2021ൽ, 30,222 കോടിയുടെ വില്‍പ്പന നടന്നെന്നാണ് റിപ്പോർട്ട്.
തെലങ്കാനയിൽ പുതുതായി 104 ഷോപ്പുകൾക്കും 159 ബാറുകൾക്കുമാണ് സർക്കാർ അനുമതി നൽകിയത്. നിലവിൽ സംസ്ഥാനത്ത് 2,220 മദ്യഷോപ്പുകളും 1500 പബ്ബുകൾ ഉൾപ്പടെ ടൂറിസം വകുപ്പിന്‍റെ ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്.