സ്‌തനാർബുദത്തെ പ്രതിരോധിക്കാൻ കഴിയുന്ന പുതിയ തരം തന്മാത്ര കണ്ടെത്തി ടെക്‌സസ് യൂണിവേഴ്‌സിറ്റി സൗത്ത് വെസ്റ്റേൺ സിമ്മൺസ് കാൻസർ സെന്‍ററിലെ ഇന്ത്യൻ അമേരിക്കൻ ഗവേഷകർ ഉൾപ്പെടുന്ന ശാസ്‌ത്ര സംഘം. ERX-11 എന്ന് വിളിക്കുന്ന ഈ ഫസ്റ്റ്-ഇൻ-ക്ലാസ് തന്മാത്രകൾ ഈസ്ട്രജൻ സെൻസിറ്റീവ് സ്‌തനാർബുദത്തെ പുതിയ രീതിയിൽ നശിപ്പിക്കുന്നവെന്നാണ് ശാസ്‌ത്രജ്ഞരുടെ കണ്ടെത്തൽ.
ഫസ്റ്റ്-ഇൻ-ക്ലാസ് മരുന്നുകൾ അസാധാരണമായ സംവിധാനത്താലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ തന്മാത്രകൾ ട്യൂമർ കോശങ്ങളുടെ ഈസ്ട്രജൻ റിസപ്റ്ററിൽ ഒരു പ്രോട്ടീനിനെയാണ് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നത്. പ്രതിരോധശേഷിയുള്ള സ്‌തനാർബുദം ബാധിച്ച രോഗികൾക്ക് ഈ കണ്ടുപിടിത്തം ഏറെ പ്രതീക്ഷയാണ് നൽകുന്നത്.
രോഗികൾക്ക് പ്രതീക്ഷ
'ഇത് അടിസ്ഥാനപരമായി വ്യത്യസ്തമായ ഈസ്ട്രജൻ-റിസെപ്റ്റർ-പോസിറ്റീവ് സ്‌തനാർബുദത്തിനുള്ള പുതിയ തരം ഏജന്‍റുകളാണ്. ഇതിന്‍റെ അതുല്യമായ പ്രവർത്തന സംവിധാനം നിലവിലെ ചികിത്സകളുടെ പരിമിതികളെ മറികടക്കും.' സിമ്മൺസ് കാൻസർ സെന്‍ററിലെ പ്രൊഫസർ ഗണേഷ് രാജ് പറഞ്ഞു.
എല്ലാ സ്‌തനാർബുദങ്ങളും വളരാൻ ഈസ്ട്രജൻ ആവശ്യമാണോ എന്ന് നിർണയിക്കുന്നതിനായി നടത്തിയ പരിശോധനയിൽ ഏകദേശം 80 ശതമാനവും ഈസ്ട്രജൻ സെൻസിറ്റീവ് ആണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ALSO READ: കുട്ടികളുടെ വളർച്ചയ്ക്ക് ഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തണമെന്ന് പഠനം
ടാമോക്‌സിഫെൻ പോലുള്ള ഹോർമോൺ തെറാപ്പി ഉപയോഗിച്ച് ഈ ക്യാൻസറുകൾ പലപ്പോഴും ഫലപ്രദമായി ചികിത്സിക്കാൻ കഴിയും, എന്നാൽ ഈ ക്യാൻസറുകളിൽ മൂന്നിലൊന്ന് ഭാഗവും ഒടുവിൽ പ്രതിരോധശേഷിയുള്ളതായി മാറുന്നു. എന്നാൽ പുതിയ സംയുക്തം രോഗികൾക്ക് വളരെ ഫലപ്രദവും പുതിയ തലത്തിലുള്ളതുമായ ചികിത്സയാണ് നൽകുന്നതെന്ന് പ്രൊഫസർ ഗണേഷ് രാജ് പറഞ്ഞു.
തമോക്‌സിഫെൻ പോലുള്ള പരമ്പരാഗത ഹോർമോണൽ മരുന്നുകൾ കാൻസർ കോശങ്ങളിലെ ഈസ്ട്രജൻ റിസപ്റ്റർ എന്ന തന്മാത്രയുമായി പ്രവർത്തിക്കുന്നു. ഇതിലൂടെ ഈസ്ട്രജനെ റിസപ്റ്ററുമായി ബന്ധിപ്പിക്കുന്നതിൽ നിന്ന് ഇത് തടയുന്നു.
പതിറ്റാണ്ടുകളായുള്ള സ്വപ്‌നം
എന്നാൽ ഈസ്ട്രജൻ റിസപ്റ്ററിന് കാലക്രമേണ അതിന്‍റെ ആകൃതി മാറ്റാനും പരിവര്‍ത്തനം സംഭവിക്കാനും കഴിയും. അതിനാൽ ചികിത്സാ മരുന്ന് റിസപ്റ്ററുമായി യോജിക്കില്ല. ഈയൊരു അവസ്ഥ സംഭവിക്കുമ്പോൾ ക്യാൻസർ കോശങ്ങൾ വീണ്ടും പെരുകാൻ തുടങ്ങും.
ഇത്തരം "പ്രോട്ടീൻ-പ്രോട്ടീൻ ഇടപെടലുകൾ" തടയുക എന്നത് ക്യാൻസർ ഗവേഷകരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്‌നമാണ്. ERX-11 എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ തന്മാത്ര ഈ ഇടപെടലുകളെ കാര്യക്ഷമമായി തടയുന്നു എന്നത് സ്‌തനാർബുദ രോഗികളെ സംബന്ധിച്ച് പ്രതീക്ഷയുണർത്തുന്ന ഘടകം തന്നെയാണ്.