കൊൽക്കത്ത: കൊൽക്കത്തയിൽ നിന്നും ഗോമോയിലേക്കും അവിടെ നിന്ന് അഫ്ഗാൻ, ജർമൻ രാജ്യങ്ങളിലേക്കും നേതാജി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടിഷ് സർക്കാരിന്‍റെ കണ്ണുവെട്ടിച്ചു കടന്നു. അന്നത്തെ യാത്രിയിൽ 300 കിലോമീറ്ററോളം ദുർഘടമായ വഴിയിലൂടെ നേതാജി സഞ്ചരിച്ചത് ജർമൻ നിർമിതമായ വാണ്ടറർ ഡബ്ലൂ24ലാണ്.
തറവാട്ടിലെ കരുതൽ തടങ്കലിൽ നിന്നും രക്ഷപ്പെടാൻ നേതാജിക്ക് മുൻപിൽ ഉപായമായി എത്തിയത് അമേരിക്കയുടെ സ്റ്റുഡ്‌ബേക്കർ പ്രസിഡന്‍റും മോഡലും വാണ്ടറർ ഡബ്ലൂ24ഉം ആയിരുന്നു. എന്നാൽ, വലിയ സുഖസൗകര്യങ്ങളുള്ള സ്റ്റുഡ്‌ബേക്കറിന് പകരം അദ്ദേഹം തെരഞ്ഞെടുത്തതാകട്ടെ വാണ്ടററിനെയും.
സുഭാഷ് ചന്ദ്രബോസിന്‍റെ സഹോദരൻ ശരത് ചന്ദ്ര ബോസാണ് 1937ൽ വാണ്ടററിനെ നേതാജിയുടെ കുടുംബത്തിലേക്ക് എത്തിക്കുന്നത്. നേതാജിയുടെ കുടുംബം മിക്കപ്പോഴും ഉപയോഗിച്ചിരുന്നത് വളരെ പ്രശസ്‌തമായിരുന്ന സ്റ്റുഡ്‌ബേക്കർ പ്രസിഡന്‍റ് മോഡലിനെയുമായിരുന്നു. ഈ വാഹനത്തിന് പിന്നിൽ സിഐഡിമാരുടെ നിരീക്ഷണവുമധികമായിരുന്നു. അതുകൊണ്ട് തന്നെ, നേതാജിയുടെ വിഖ്യാതമായ രക്ഷപ്പെടലിനായി വാണ്ടറർ ആയിരുന്നു ഉചിതം. കൂടാതെ, അത്തരമൊരു യാത്രക്കുതകുന്ന കരുത്തുറ്റ വാഹനം കൂടിയായിരുന്നു ഇത്.
1941 ജനുവരി 16ന് അർധരാത്രിയിൽ എൽഗിൻ റോഡ് റെസിഡൻസിലൂടെ നേതാജി തുടങ്ങിയ ആ യാത്ര ജാർഖണ്ഡിലെ ഗോമോ റെയിൽവേ സ്റ്റേഷനിലേക്കായിരുന്നു. പിന്നീടുള്ളത് ചരിത്രം. ബ്രിട്ടീഷിന്‍റെ കൈപ്പിടിയിൽ പെടാതെയുള്ള സാഹസികയാത്രയിലെ വാണ്ടററിന്‍റെ സാരഥി മരുമകനായ ശിശിർ കുമാർ ബോസായിരുന്നു. അതിന് ശേഷവും ഈ വാഹനത്തിന്‍റെ വളയം പിടിച്ചത് ശിശിർ കുമാർ ബോസ് തന്നെയായിരുന്നു. പിന്നീട്, 1957ൽ നേതാജി റിസർച്ച് ബ്യുറോ, സുഭാഷ് ചന്ദ്ര ബോസിന്‍റെ സാഹസിക യാത്രയുടെ വാഹനം പ്രദര്‍ശനത്തിന് വെച്ചു. കൊൽക്കത്തയിൽ നേതാജിയുടെ വീട്ടിലാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. 1979ലെ നേതാജിയെ കുറിച്ചുള്ള ജാപ്പനീസ് ഡോക്യുമെന്‍ററിയിലും വാണ്ടറർ ഡബ്ലൂ24ന് വേഷമുണ്ടായിരുന്നു. അത്ര പ്രശസ്‌തമല്ലാത്ത വാണ്ടററിനെ സ്റ്റുഡ്‌ബേക്കറിനേക്കാൾ അറിയപ്പെടാൻ കാരണം നേതാജിയുടെ പലായനമാണ്. അതിലെ ഹീറോ ആവട്ടെ വാണ്ടറർ ഡബ്ലൂ24 ഉം .