കാഠ്‌മണ്ഡു (നേപ്പാൾ): നേപ്പാൾ വിമാനാപകടത്തിൽ മരിച്ച ഇന്ത്യക്കാരിൽ നാല് പേർ പൊഖാറയിലേക്ക് പോയത് പാരാഗ്ലൈഡിങ് ആസ്വദിക്കാൻ. അഭിഷേക് കുശ്വാഹ (25), ബിഷാല്‍ ശര്‍മ (22), അനില്‍ കുമാര്‍ രാജ്ഭാര്‍ (27), സോനു ജയ്‌സ്വാള്‍ (35), സഞ്ജയ് ജയ്‌സ്വാള്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട ഇന്ത്യക്കാർ. മരിച്ചവരിൽ നാല് പേർ ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശികളാണ്.
നാലു പേരും വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയിൽ പാരാഗ്ലൈഡിങ് ആസ്വദിക്കാനായാണ് എത്തിയതെന്ന് തെക്കൻ നേപ്പാളിലെ സർലാഹി സ്വദേശി അജയ് കുമാർ ഷാ പറഞ്ഞു. 'ഞങ്ങൾ ഇന്ത്യയിൽ നിന്നും ഒരേ വാഹനത്തിലാണ് കാഠ്‌മണ്ഡുവിലെത്തിയത്. അവര്‍ പശുപതിനാഥ ക്ഷേത്രത്തിനടുത്തും പിന്നെ പൊഖാറയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഹോട്ടല്‍ ഡിസ്‌കവറി ഓഫ് തമേലിലും താമസിച്ചു. പൊഖാറയില്‍ നിന്ന് ഗൊരഖ്‌പുർ വഴി തിരികെ പോകാനായിരുന്നു അവരുടെ പദ്ധതിയെന്നും' അജയ് കുമാർ പറഞ്ഞു.
കാഠ്‌മണ്ഡുവിൽ നിന്നുള്ള യതി എയർലൈൻസിന്‍റെ വിമാനം പൊഖാറ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ലാന്‍റിങിനിടെ തകർന്ന് വീഴുകയായിരുന്നു. പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിൽ സേതി നദിയുടെ തീരത്താണ് വിമാനം തകർന്നു വീണത്. ഇന്നലെ (15.01.2023) രാവിലെ 11 മണിയോടെയായിരുന്നു അപകടം. 68 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.