ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ ദ്രൗപതി മുര്‍മു ഇന്ന് (24.06.22) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്രൗപതി മുര്‍മുവിനെ രാഷട്രപതി സ്ഥാനാര്‍ഥിയായി ശിപാര്‍ശ ചെയ്യും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയായിരിക്കും പിന്തുണയ്ക്കുക.
എന്‍ഡിഎയിലെ എല്ലാ ഘടകകക്ഷിനേതാക്കളെയും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും നാമനിര്‍ദേശ പട്ടിക സമര്‍പ്പണ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്‍ഡിഎയുടെ ഘടകകക്ഷിയല്ലാത്ത ബിജുജനദാദള്‍ നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്ക് ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഷയിലെ എല്ലാ എംഎല്‍എമാരോടും ദ്രൗപതി മുര്‍മുവിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്.
ജൂലായി 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ദ്രൗപതി മുര്‍മു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയാകും അവര്‍. സന്താള്‍ വിഭാഗത്തില്‍ നിന്നുള്ളതാണ് ഒഡിഷയില്‍ നിന്നുള്ള ദ്രൗപതി മുര്‍മു.