പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം ഭരണത്തിലേറുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. കുടുംബഭരണത്തെ തുടർന്ന് പുതുച്ചേരിൽ മാത്രമല്ല രാജ്യത്തുടനീളം കോൺഗ്രസ് വിഘടിച്ച് ഇല്ലാതാകുകയാണെന്ന് അമിത് ഷാ പറഞ്ഞു. പുതുച്ചേരിയില്‍ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. പുണ്യമായ പ്രദേശമാണ് പുതുച്ചേരിയെന്നും മഹാകവി സുബ്രമണ്യ ഭാരതി ഇവിടെയാണ് വർഷങ്ങളോളം താമസിച്ചതെന്നും ശ്രീ അരവിന്ദോ തന്‍റെ ആത്മീയ യാത്ര ആരംഭിച്ചതും ഇവിടെ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
115 പദ്ധതികളാണ് പ്രധാനമന്ത്രിയുടെ പദ്ധതികളിലൂടെ നടപ്പാക്കാൻ ശ്രമിച്ചതെന്നും എന്നാൽ സർക്കാർ പദ്ധതികൾ ഇവിടെ നടപ്പാക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുച്ചേരി മുഖ്യമന്ത്രിയായിരുന്ന നാരായണ സാമിക്കെതിരെയും അമിത് ഷാ ആരോപണം ഉന്നയിച്ചു. അതേ സമയം പുതുച്ചേരിയിൽ ബിജെപി ഭരണം അട്ടിമറിക്കുകയാണ് ചെയ്‌തതെന്ന് കോൺഗ്രസ് ആരോപിച്ചു. ഏപ്രിൽ ആറിന് പുതുച്ചേരിയിലെ 30 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.