ന്യൂഡൽഹി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മഹാരാഷ്‌ട്രയിലേക്ക് കടക്കുമ്പോൾ സ്വാഗതം ചെയ്യാനായി എൻസിപി അധ്യക്ഷൻ ശരദ് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും എത്തുമെന്ന് കോണ്‍ഗ്രസ്. ഇതിലൂടെ രാജ്യത്തുടനീളം പ്രതിപക്ഷ ഐക്യത്തിന്‍റെ സന്ദേശം നൽകാനാകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. നേരത്തെ ഇരു നേതാക്കളെയും ഭാരത് ജോഡോ യാത്രയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. യാത്ര നവംബർ 7 നാണ് മഹാരാഷ്ട്രയിൽ പ്രവേശിക്കുന്നത്.
'സംസ്ഥാനത്ത് മാത്രമല്ല, ഈ പരിപാടി രാജ്യത്തുടനീളം പ്രതിപക്ഷ ഐക്യത്തിന്‍റെ സന്ദേശം നൽകും. ഭാരത് ജോഡോ യാത്രയുടെ ഫലം പ്രതിപക്ഷ ജോഡോ യാത്രയ്ക്കും സംഭാവന നൽകുന്നു. ഞങ്ങൾ സഖ്യ കക്ഷികളെ ക്ഷണിച്ചു. അവർ യാത്രയെ സ്വാഗതം ചെയ്യാൻ സമ്മതം അറിയിച്ചു'. മഹാരാഷ്ട്രയുടെ എഐസിസി ചുമതലയുള്ള എച്ച്‌കെ പാട്ടീൽ ഇടിവി ഭാരതിനോട് പറഞ്ഞു.
എംഎൽഎമാർ ഷിൻഡെക്കൊപ്പമാണെങ്കിലും പാർട്ടി പ്രവർത്തകർ തൃപ്‌തരല്ല. അവർ ഇപ്പോഴും ഉദ്ധവിനെയാണ് നേതാവായി കാണുന്നത്. നന്ദേഡ് ജില്ലയിലെ ദെഗ്ലൂരിൽ നിന്നാണ് യാത്ര മഹാരാഷ്‌ട്രയിലേക്ക് പ്രവേശിക്കുന്നത്. നന്ദേഡ് ഒരു വലിയ ജില്ലയാണ്. യാത്ര ഏകദേശം ആറ് ദിവസം അവിടെ ചെലവഴിക്കും. മറ്റ് ജില്ലകളിലും ഇത് വൻ വിജയമാക്കാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. മഹാരാഷ്‌ട്രയിലെ യാത്ര രണ്ട് ആഴ്‌ചയോളം നീണ്ടുനിൽക്കും.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ശിവസേന-എൻസിപി മഹാ വികാസ് അഘാഡി സർക്കാരിന് തിരിച്ചടി നൽകിക്കൊണ്ടായിരുന്നു ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘം ബിജെപിയുമായി ഒന്നിച്ചത്. കഴിഞ്ഞ ദിവസം അന്ധേരി ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇരു പാർട്ടികൾക്കും പുതിയ പേരുകളും ചിഹ്‌നങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരുന്നു.
അതേസമയം അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിലും തങ്ങളുടെ സഖ്യം വിജയിക്കുമെന്ന് എച്ച്‌കെ പാട്ടീൽ പറഞ്ഞു. 'ഇതൊരു സാങ്കേതിക തെരഞ്ഞെടുപ്പ് മാത്രമാണ്. ഇതിൽ ബിജെപി കീഴടങ്ങും. മഹാ വികാസ് അഘാഡി സഖ്യം വിജയിക്കും' - പാട്ടീൽ പറഞ്ഞു,
'മഹാരാഷ്ട്രയിലെ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് ശേഷം എംവിഎയുടെ ഭാവിയെക്കുറിച്ച് നിരവധി ചോദ്യങ്ങളുയർന്നിരുന്നു. എന്നാൽ ശരദ് പവാർ, ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കൾ രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യാൻ വരുന്നത് നല്ല സന്ദേശം നൽകും. രാജ്യത്തുടനീളം മറ്റ് പാർട്ടികൾക്കും ഇതിലൂടെ ഒരു മികച്ച സന്ദേശം ലഭിക്കും' - എച്ച് കെ പാട്ടീൽ കൂട്ടിച്ചേർത്തു.