ന്യൂഡല്‍ഹി: വാര്‍ത്താ മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കാനുള്ള സംവിധാനമാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. രാജ്യത്തെ ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം വലുതാണ് . അതിനാല്‍ത്തന്നെ നിയമങ്ങളാല്‍ പലതും നിയന്ത്രിക്കുന്നതിനപ്പുറമുള്ള ആന്തരിക സംവിധാനം ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്ന് പ്രകാശ് ജാവദേക്കര്‍ സൂചിപ്പിച്ചു. ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായുള്ള മാദ്ധ്യമങ്ങളെ അവലോകനം ചെയ്യുന്ന സമിതി ചില നിയമ ഭേദഗതി ശുപാര്‍ശകള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ പല മാധ്യമങ്ങളും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിട്ടില്ല. എന്തൊക്കെയായാലും സ്വയം നിയന്ത്രണത്തോളം ഫലപ്രദമായ ഒരു മാര്‍ഗ്ഗമില്ല. സ്വയം മാതൃകയായി കാണിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇതുവരെ ഓണ്‍ലൈന്‍ സംവിധാനങ്ങളെ നിയന്ത്രിക്കാന്‍ ഒരു സംവിധാനമില്ല. എന്നാല്‍ അവയെ ശക്തമായി നിയന്ത്രിക്കണമെന്ന ആവശ്യം ഉയരുകയാണ്. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ സിനിമകള്‍, സീരിയലുകള്‍, വാര്‍ത്തകള്‍ മറ്റ് സമകാലിക പരിപാടികളെല്ലാം നിരീക്ഷിക്കാനുള്ള തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യം എന്നത് പൊതു സംവിധാനത്തിന്‍റെ ആത്മാവാണ്. എന്നാലിന്ന് രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ സംഭവങ്ങളുമായി ചേര്‍ത്താണ് മാധ്യമ പ്രവര്‍ത്തനം പ്രതിക്കൂട്ടിലാകുന്നത്. അതേസമയം മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്നും പ്രകാശ് ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.