ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിനായി ജൂലൈ 21ന് ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ടു. നേരത്തെ ജൂൺ 23ന് ഹാജരാകണമെന്ന് ഇഡി സോണിയ ഗാന്ധിയോട് നിര്‍ദേശിച്ചിരുന്നെങ്കിലും കൊവിഡും തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളും കാരണം ചോദ്യം ചെയ്യലിന് എത്താന്‍ സാധിച്ചിരുന്നില്ല.
ചോദ്യം ചെയ്യലിന് ഹാജരാകുന്നത് നാലാഴ്‌ചത്തേക്ക് നീട്ടിവയ്‌ക്കാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജൂലൈ 21ന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ അഞ്ച് ദിവസങ്ങളിലായി 50 മണിക്കൂറിലധികം ഇഡി ചോദ്യം ചെയ്‌തിട്ടുണ്ട്.
അസോസിയറ്റ് ജേണൽ ലിമിറ്റഡിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് 2013ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം. ഗാന്ധി കുടുംബത്തിന്‍റെതാണ് യങ് ഇന്ത്യന്‍ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും. 90.25 കോടി വിലയുള്ള നാഷണൽ ഹെറാള്‍ഡിന്‍റെ ഓഹരികള്‍ വെറും 50 ലക്ഷം കൊടുത്താണ് യങ് ഇന്ത്യൻ വാങ്ങിയതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ പറയുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി നേരത്തെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുൻ ഖാര്‍ഗെ, പവന്‍കുമാര്‍ ബന്‍സല്‍ എന്നിവരെ ഇഡി ചോദ്യം ചെയ്‌തിരുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരായ രാഷ്‌ട്രീയ പകപോക്കലിനായി കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് കോൺഗ്രസ് ആരോപണം.