ഇന്ന് ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനം (National Doctors day). ഡോക്‌ടർമാർ ദൈവത്തിന് തുല്യരാണെന്നാണ് പറയാറുള്ളത്. ഏത് സാഹചര്യത്തിലും തങ്ങളുടെ കടമകൾ നിറവേറ്റുകയും രോഗികൾക്ക് മികച്ചതും നിസ്വാർഥവുമായ സേവനം നൽകുകയും ചെയ്യുന്നവരാണ് ഡോക്‌ടർമാർ. സമൂഹത്തിന്‍റെ ആരോഗ്യത്തിനായി പ്രവർത്തിക്കുന്ന ഡോക്‌ടർമാരുടെ പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കാനുള്ള ദിനമാണ് ഇന്ന്.
ഡോക്‌ടർമാരെ ആദരിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ ഒന്നിന് ദേശീയ ഡോക്‌ടർ ദിനമായി ആചരിക്കുന്നു. ഡോ. ബി സി റോയ് എന്ന ഡോക്‌ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ഡോക്‌ടേഴ്‌സ് ഡേയായി ആചരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഡോക്‌ടർമാരിൽ ഒരാളും പശ്ചിമ ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയുമായ ഡോ ബിദാൻ ചന്ദ്ര റോയിക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് ജൂലൈ ഒന്നിന് ദേശീയ ഡോക്‌ടർ ദിനം ആചരിക്കുന്നത്.
പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ഡോ. ബിദാൻ ചന്ദ്ര റോയിയുടെ (Dr. Bidhan Chandra Roy) ജന്മദിനമാണ് ജൂലൈ ഒന്ന്. ഡോ. ബി സി റോയ് വൈദ്യശാസ്‌ത്രരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ബംഗാളിന്‍റെ ശില്‌പി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. 1961-ൽ ഡോ. ബി സി റോയിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം ലഭിച്ചു. 1991-ലാണ് അദ്ദേഹത്തോടുള്ള ആദര സൂചകമായി എല്ലാ വർഷവും ദേശീയ ഡോക്ടേഴ്സ് ദിനം ആഘോഷിക്കുമെന്ന് ഇന്ത്യ ഗവൺമെന്‍റ് പ്രഖ്യാപിച്ചത്.
ലോകം കൊറോണ മഹാമാരിയുടെ പിടിയിൽ അകപ്പെട്ടപ്പോഴും രാപ്പകൽ സേവനങ്ങൾ നൽകി ആരോഗ്യരംഗത്തെ കാവലാളായി ഡോക്‌ടർമാർ മുന്നിലുണ്ടായിരുന്നു. ജൂലൈ ഒന്നിന് ഇന്ത്യയിൽ ഡോക്‌ടേഴ്‌സ് ഡേ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വിവിധ ദിവസങ്ങളിലാണ് ഈ ദിനം ആചരിക്കുന്നത്. അമേരിക്കയിൽ മാർച്ച് 30നും ഇറാനിൽ ഓഗസ്റ്റ് 23നും ക്യൂബയിൽ ഡിസംബർ 3നും ഡോക്‌ടർ ദിനം ആചരിക്കുന്നു.
അഭിനന്ദിച്ച് പ്രധാനമന്ത്രി : ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തിൽ ഡോക്‌ടർമാരുടെ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) അഭിനന്ദിച്ചു. അവരെ ധൈര്യത്തിന്‍റെയും നിസ്വാർഥതയുടെയും സഹിഷ്‌ണുതയുടെയും മാതൃകകൾ എന്ന് വിശേഷിപ്പിച്ചു.
'മുഴുവൻ ഡോക്‌ടർ സമൂഹത്തിനും ഞാൻ എന്‍റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. അഭൂതപൂർവമായ സമയങ്ങളിൽ പോലും, ഡോക്‌ടർമാർ ഏറ്റവും ഉയർന്ന ധൈര്യത്തിന്റെയും നിസ്വാർത്ഥതയുടെയും സഹിഷ്‌ണുതയുടെയും മാതൃകയാണ്. അവരുടെ സമർപ്പണം രോഗശാന്തിക്കും അപ്പുറമാണ്; അത് നമ്മുടെ സമൂഹത്തിന് പ്രതീക്ഷയും ശക്തിയും നൽകുന്നു.' പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്‌തു.
'പൊതുജനാരോഗ്യ മേഖലയുടെ നെടുംതൂണുകൾ' : പൊതുജനാരോഗ്യ മേഖലയുടെ നെടുംതൂണുകളെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ (Cheif Minister Pinarayi Vijayan) ഡോക്‌ടർമാരെ വിശേഷിപ്പിച്ചത്. ഡോക്‌ടർമാർക്ക് അദ്ദേഹം ആശംസകൾ അറിയിച്ചു. 'നമ്മുടെ സമൂഹത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ ഡോക്‌ടർമാരുടെ പ്രതിബദ്ധതയുള്ള ശ്രമങ്ങൾ അവരെ നമ്മുടെ പൊതുജനാരോഗ്യ മേഖലയുടെ നെടുംതൂണുകളാക്കി മാറ്റുന്നു. ഈ ഡോക്ടേഴ്‌സ് ഡേയിൽ, ആരോഗ്യ സംരക്ഷണം നൽകുന്നതിലും അവരുടെ മാതൃകാപരമായ സേവനങ്ങൾക്ക് പിന്തുണ ഉറപ്പാക്കുന്നതിലും അവരുടെ ഉറച്ച ഇച്ഛാശക്തിയെയും നിശ്ചയദാർഢ്യത്തെയും നമുക്ക് അഭിവാദ്യം ചെയ്യാം'. പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചു.