മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താൻ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ സംഘം തയ്യാറെടുക്കുന്നതായി മുംബൈ പൊലീസ്. മുംബൈ ട്രാഫിക് പൊലീസിന് ഇന്ന് രാവിലെ ലഭിച്ച ഓഡിയോ സന്ദേശത്തിലാണ് മോദിയെ കൊലപ്പെടുത്തുമെന്ന് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തിന്‍റെ ഭീഷണി. ഇതേത്തുടർന്ന് ജാഗ്രതാനിർദേശം പുറപ്പെടുവിച്ച മുംബൈ പൊലീസ് അന്വേഷണത്തിനും ഉത്തരവിട്ടു.
കുറച്ചുമാസങ്ങളായി സമാനമായ നിരവധി ഭീഷണി സന്ദേശങ്ങളാണ് മുംബൈ പൊലീസിന് ലഭിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മുംബൈ ശാഖയിലെ ഉദ്യോഗസ്ഥർക്കായിരുന്നു ഈ സന്ദേശം. തുടര്‍ന്ന്, പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ 20 കിലോ ആർഡിഎക്‌സ് (സ്‌ഫോടക വസ്‌തു) കണ്ടെടുത്തിരുന്നു.
ഏതാനും മാസങ്ങൾക്ക് മുന്‍പ്, മുംബൈ ട്രാഫിക് പൊലീസിന്‍റെ ഓഫിസിലേക്ക് പാകിസ്ഥാനില്‍ നിന്നും തീവ്രവാദി ആക്രമണം നടത്തുമെന്ന തരത്തില്‍ സന്ദേശം ലഭിച്ചിരുന്നു. മുംബൈയിലെ ഒരു ഹോട്ടലില്‍ സ്‌ഫോടനം നടത്തുമെന്നായിരുന്നു ഈ ഭീഷണി. എന്നാൽ, ഈ സന്ദേശം അടിസ്ഥാനരഹിതമാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയുണ്ടായി.