മൈസൂരു : മൈസൂരു കൂട്ടബലാത്സംഗ കേസില്‍ നാലുപേര്‍ അറസ്റ്റിലായതായി വിവരം. എന്നാല്‍ ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സാങ്കേതിക തെളിവുകളുടേയും ഇരയുടെ സുഹൃത്തിന്‍റെ മൊഴിയുടേയും അടിസ്ഥാനത്തില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നായി പ്രതികളെ കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് ഡിജിപി പ്രവീൺ സൂദ് ശനിയാഴ്‌ച വൈകുന്നേരം വാർത്താസമ്മേളനം നടത്തും.
എത്ര പ്രതികളെ അറസ്റ്റ് ചെയ്തു, എവിടെ നിന്നാണ് പിടികൂടിയത് തുടങ്ങിയ വിവരങ്ങൾ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൈസൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയെ ചാമുണ്ഡി ഹിൽസില്‍ അക്രമിസംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
also read: മൈസൂര്‍ കൂട്ടബലാത്സംഗം; ഇരയുടെ സുഹൃത്തിന്‍റെ മൊഴി രേഖപ്പെടുത്തി
ആണ്‍സുഹൃത്തിനൊപ്പം സ്ഥലം സന്ദര്‍ശിച്ച് മടങ്ങവെ, അഞ്ചോ ആറോ പേരടങ്ങിയ മദ്യപസംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഇതര സംസ്ഥാനത്ത് നിന്നും പിടിയിലായ പ്രതികളെ തിരിച്ചറിയുന്നതിനായി ഇവരുടെ ഫോട്ടോയെടുത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, പെണ്‍കുട്ടിയുടെ സുഹൃത്തിനെ കാണിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
കൊടിയ പീഡനത്തിന്‍റെ ആഘാതത്തിലായതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസിന് രേഖപ്പെടുത്താനായിട്ടില്ല.