മൈസുരു: ഏറ്റവും കുറഞ്ഞ ചെലവിൽ കൊവിഡ് പരിശോധന കിറ്റ് വികസിപ്പിച്ച് മൈസൂർ സർവകലാശാലയും ഹൈദരാബാദ് ആസ്ഥാനമായുള്ള ലോറൻ ബയോളജിക്സ് പ്രൈവറ്റ് ലിമിറ്റഡും. പുതിയ കൊവിഡ് പരിശോധന കിറ്റിന് 90 ശതമാനത്തിലധികം കൃത്യതയുണ്ടെന്ന് മൈസൂർ സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അംഗവുമായ കെ.എസ്.രംഗപ്പ അഭിപ്രായപ്പെട്ടു. എസ്. ചന്ദ്രനായക്, സി.ഡി.മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കിറ്റ് വികസിപ്പിച്ചെടുത്തത്.
സർക്കാർ സർവകലാശാല വികസിപ്പിച്ചെടുത്തതിനാൽ മിതമായ നിരക്കിൽ കിറ്റ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി രംഗപ്പ പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷണ സംഘം.ഒരു ബാർകോഡ് സ്ട്രിപ്പ് ആപ്ലിക്കേഷനുമായി ലിങ്ക് ചെയ്തിരിക്കുന്നു എന്നതാണ് കിറ്റിന്‍റെ സവിശേഷത. കൂടാതെ ബാർകോഡ് സ്കാൻ ചെയ്തയുടനെ രോഗിയുടെ പരിശോധന ഫലം സെർവറിൽ അപ്‌ഡേറ്റ് ചെയ്യപ്പെടുകയും അധികൃതരെ അറിയിക്കുകയും ചെയ്യുന്നു.
Also read: ഇറ്റലിയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; 13 ദശലക്ഷം പേരിലും വാക്‌സിനേഷൻ പൂർണം
കിറ്റുകൾ വികസിപ്പിക്കുന്നതിന് മോളിക്യുലർ ബയോളജി, നാനോ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് എന്നീ വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. കൊവിഡ് ലക്ഷണങ്ങളുള്ള ഏതൊരു വ്യക്തിക്കും ഈ കിറ്റ് ഉപയോഗിച്ച് ശരീരത്തിലെ ദ്രാവങ്ങൾ പരിശോധിക്കാൻ കഴിയും. ഒരു കിറ്റിന് 100 രൂപ വരെ ഒരാളിൽ നിന്ന് ഈടാക്കാന്‍ ആലോചിക്കുകയാണെന്ന് രംഗപ്പ പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗത്തിൽ ചില രോഗികളുടെ ആർടിപിസിആർ പരിശോധന ഫലങ്ങളിൽ അണുബാധ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല അതിനാൽതന്നെ വൈറസിന്‍റെ എല്ലാ രൂപാന്തരപ്പെട്ട വകഭേദങ്ങളും കണ്ടെത്താൻ കഴിയുന്ന ഒരു കിറ്റ് വികസിപ്പിക്കേണ്ടതുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസുകളെ ഈ കിറ്റ് വഴി കണ്ടെത്താന്‍ സാധിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഗവേഷണ സംഘം പറഞ്ഞു.