ലഖ്‌നൗ : ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയ യുവതിയെ ഇയാളുടെ സുഹൃത്തായ ഹിന്ദു യുവാവ് വിവാഹം ചെയ്‌തു. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശിയായ റുബീനയെയാണ് ഹിന്ദു ആചാര പ്രകാരം ഭര്‍ത്താവിന്‍റെ സുഹൃത്തായ പ്രേംപാൽ ഗാംഗ്വാര്‍ വിവാഹം ചെയ്‌തത്. വെള്ളിയാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 23) ഇരുവരും കല്യാണം കഴിച്ചത്.
ഒരാഴ്‌ച മുമ്പ് റുബീനയെ ഹൽദ്വാനി സ്വദേശിയായ ഭര്‍ത്താവ് ഷോയിബ് മുത്തലാഖ് ചൊല്ലുകയായിരുന്നു. തുടര്‍ന്ന് പ്രേംപാലിന്‍റെ അടുത്തെത്തിയ യുവതി റുബീനയെന്ന പേര് മാറ്റി പുഷ്‌പയെന്നാക്കി. തുടര്‍ന്നായിരുന്നു ഇരുവരുടെയും വിവാഹം.
ഒന്‍പത് വര്‍ഷം മുമ്പാണ് ഷോയിബിന്‍റെയും റുബീനയുടെയും വിവാഹം. ഇരുവര്‍ക്കും മൂന്ന് ആണ്‍മക്കളുമുണ്ട്. ഭര്‍ത്താവ് ഷോയിബും സുഹൃത്തായ പ്രേംപാലും കാര്‍ ഡ്രൈവര്‍മാരായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിലൂടെ പ്രേംപാലും റുബീനയും തമ്മില്‍ പരിചയത്തിലായി. എന്നാല്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്നും താനറിയാതെ റുബീനയും ഷോയിബും കണ്ടുമുട്ടുന്നുണ്ടെന്നും പറഞ്ഞ് ഇയാള്‍ റുബീനയെ മര്‍ദിച്ചു.
ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് മുത്തലാഖിന് കാരണമായത്. പ്രേംപാലിനൊപ്പം ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റുബീന പറഞ്ഞു. അതേസമയം റുബീനയുടെ ഭര്‍ത്താവ് മുഖേനയാണ് അവളുമായി പരിചയപ്പെട്ടതെന്നും അടുത്ത സുഹൃത്തായിരുന്നുവെന്നും ഭര്‍ത്താവ് ഉപേക്ഷിച്ചപ്പോള്‍ സ്വീകരിക്കുകയായിരുന്നെന്നും പ്രേംപാല്‍ പറഞ്ഞു.
റുബീനയുടെ താത്‌പര്യ പ്രകാരമാണ് ഹിന്ദു ആചാര പ്രകാരം വിവാഹം നടത്തിയതെന്നുമാണ് പ്രേംപാലിന്‍റെ വാദം.