ബെംഗളൂരു : മുസ്ലിങ്ങൾക്കുവേണ്ടി പ്രാർത്ഥനാമുറിയാക്കിയെന്ന് ആരോപണം ഉയര്‍ന്ന ചുമട്ടുതൊഴിലാളികൾക്കുള്ള റിട്ടയറിംഗ് റൂം പഴയ നിലയിലേക്ക് പുനസ്ഥാപിച്ചതായി ബെംഗളൂരു റെയിൽവേ സ്റ്റേഷന്‍ അധികൃതര്‍. ക്രാന്തിവീര സങ്കൊല്ലി രായണ്ണ ബെംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ മസ്‌ജിദ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് അധികൃതരുടെ തീരുമാനം.
പോർട്ടർ റിട്ടയറിങ് റൂം പഴയ രൂപത്തിലേക്ക് പുനഃസ്ഥാപിക്കാൻ ഏകപക്ഷീയമായി തീരുമാനിച്ചതായി സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രാർത്ഥനാ ഹാളിൽ പച്ച നിറത്തിൽ ചായം പൂശിയതും മുസ്ലിങ്ങൾ അവിടെ പ്രാർത്ഥന നടത്തുന്നതും വീഡിയോയിൽ കാണിച്ചിരുന്നു.
പോർട്ടർ റിട്ടയറിങ് റൂം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനിലേക്ക് ഹിന്ദു സംഘടനകള്‍ പ്രകടനം നടത്തിയിരുന്നു. റൂം 'മസ്ജിദ്' ആക്കി മാറ്റാൻ അനുവദിച്ചതെങ്ങനെയെന്ന് ചോദിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്നാണ് മുഴുവന്‍ മുറിയും പഴയ രൂപത്തിലേക്ക് മാറ്റിയത്. തൊഴിലാളികള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കരുതെന്നും ഇവര്‍ക്ക് വിശ്രമിക്കാനാണ് മുറിയെന്നും അധികൃതര്‍ അറിയിച്ചു.