ന്യൂഡൽഹി: അയൽരാജ്യങ്ങളിലെ മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നൽകുന്നതിന് അപേക്ഷ തേടി ഇറക്കിയ വിജ്ഞാപനത്തിന് 2019 ലെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധവുമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുസ്ലിം ഇതര കുടിയേറ്റക്കാരിൽ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള വിജ്ഞാപനം 2021 മെയ് 28ന് ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.
ഈ വിജ്ഞാപനത്തെ ചോദ്യം ചെയ്ത ഇന്ത്യൻ യൂണിയൻ ഓഫ് മുസ്‌ലിം ലീഗിന്‍റെ ഹർജിയിലാണ് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കേന്ദ്രം പരോക്ഷമായി പൗരത്വ നിയമം നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു മുസ്ലിംലീഗിന്‍റെ ആരോപണം.
1955ലെ പൗരത്വ നിയമത്തിൽ പറഞ്ഞിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങളും അതുമായി ബന്ധപ്പെട്ട നിയമങ്ങളും സംബന്ധിച്ച് യാതൊരു ഇളവും വരുത്തിയിട്ടില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
Also Read:വികെ ശശികലയുമായി സംവദിച്ച പതിനാറ് എഐഎഡിഎംകെ പാർട്ടി പ്രവർത്തകർ പുറത്ത്
1995ലെ പൗരത്വ നിയമത്തിലെ പതിനാറാം വകുപ്പ് അനുസരിച്ച് 2016ൽ അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
16 ജില്ലകളിലെ കലക്ടർമാർക്കും ഏഴ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കുമാണ് ഇത്തരത്തിൽ പൗരത്വം നൽകാൻ അധികാരം നൽകിയതെന്നും കേന്ദ്രം അറിയിച്ചു. വിഷയം ജസ്റ്റിസ് ഹേമന്ത് ഗുപ്‌ത അധ്യക്ഷനായ ബഞ്ച് ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.