മുംബൈ : ആഡംബര കപ്പലായ കോർഡെലിയ ക്രൂയിസിലെ ലഹരിപ്പാര്‍ട്ടി സംബന്ധിച്ച് ഒന്നുമറിയില്ലെന്ന വാദവുമായി ഉടമ ജർഗൻ ബെയ്‌ലോം. എൻസിബി ചോദ്യം ചെയ്‌തതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തങ്ങൾ സംഘാടകര്‍ അല്ലെന്നും നടപടിക്രമങ്ങൾ അനുസരിച്ച് അധികാരികളുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആര്യൻ ഖാൻ ഉൾപ്പടെ മൂന്ന് പേർ എൻസിബി കസ്റ്റഡിയിൽ
അതേസമയം ലഹരിപ്പാർട്ടി സംഘടിപ്പിച്ചതില്‍, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ഉൾപ്പടെ മൂന്ന് പേരെ കോടതി എൻസിബി കസ്റ്റഡിയിൽ വിട്ടു. ഒക്‌ടോബർ നാല് വരെയാണ് കസ്റ്റഡി കാലാവധി. ആര്യൻ ഖാൻ, മുൻമുൻ ദാമേച്ച, അർബാസ് മെർച്ചറ്റ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ആർ കെ രാജഭോസാലെയുടെ പ്രത്യേക അവധിക്കാല കോടതിക്ക് മുന്‍പാകെ ഹാജരാക്കുകയായിരുന്നു.
തിങ്കളാഴ്‌ച ജാമ്യാപേക്ഷ നൽകുമെന്ന് ആര്യന്‍റെ അഭിഭാഷകൻ
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും മയക്കുമരുന്ന് വിതരണക്കാരനെ പിടികൂടാൻ കൂടുതൽ റെയ്‌ഡുകൾ നടത്തേണ്ടി വരുമെന്നും എൻസിബിക്ക് വേണ്ടി അഭിഭാഷകൻ അദ്വയ്‌ത് സേത്‌ന കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു മൂവരെയും എൻസിബി കസ്റ്റഡിയിൽ വിട്ടത്.
അതേസമയം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ആര്യൻ ഖാനിന് മേൽ ചുമത്തിയതെന്നും അതിനാൽ തിങ്കളാഴ്‌ച ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും ആര്യന് വേണ്ടി ഹാജരായ അഭിഭാഷകൻ സതീഷ് മനേഷിന്ദെ കോടതിയെ അറിയിച്ചിട്ടുണ്ട്.
READ MORE: ആഡംബര കപ്പലിലെ ലഹരിവിരുന്ന് : ആര്യൻ ഖാൻ അടക്കം മൂന്നുപേര്‍ എൻസിബി കസ്റ്റഡിയിൽ