മുംബൈ: മുംബൈയിൽ മാൻഖുർദിലെ ചേരിയിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ വ്യാജ കറൻസി പിടികൂടി. മാൻഖുർദിലെ ചേരി പ്രദേശത്ത് കള്ളനോട്ടുകൾ നിർമിക്കുന്നതായി പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കറൻസികൾ പിടികൂടിയത്. കറൻസികൾ നിർമിച്ചിരുന്ന രോഹിത് ഷാ എന്നയാളെയും ഇയാളുടെ സഹായിയേയും പൊലീസ് പിടികൂടിയിട്ടുണ്ട്.
മുംബൈയിലെ കാന്തിവാലി സ്വദേശിയാണ് പിടിയിലായ രോഹിത്. കള്ളനോട്ട് നിർമാണത്തിൽ സംശയം തോന്നാതിരിക്കാനാണ് ഇയാൾ നഗരത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മാൻഖുർദ് എന്ന ചേരി തെരഞ്ഞെടുത്തത്. യൂട്യൂബിൽ നിന്നാണ് രോഹിത് കള്ളനോട്ടിന്‍റെ നിർമാണം പഠിച്ചത്.
പെട്ടന്ന് തിരിച്ചറിയാതിരിക്കാൻ 100, 200, 50 എന്നീ നോട്ടുകളാണ് ഇയാൾ നിർമിച്ചിരുന്നത്. സംഭവ സ്ഥലത്തുനിന്നും നോട്ട് നിർമാണത്തിന് ഉപയോഗിക്കുന്ന മഷി, ലാപ്ടോപ്, പ്രിന്‍റർ, കട്ടർ, സ്റ്റാമ്പുകൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് മാസമായി ഇയാൾ വ്യാജ കറൻസികൾ നിർമിച്ച് വരികയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
ഇതുവരെ എത്ര രൂപയുടെ കള്ള നോട്ടുകൾ ഇയാൾ നിർമിച്ചു, ഇതിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.