മുംബൈ (മഹാരാഷ്ട്ര) : മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ (Mumbai Chhatrapati Shivaji Airport) രണ്ടാം ടെർമിനലിൽ സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതൻ ഭീഷണി മുഴക്കി. വ്യാഴാഴ്‌ച ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു (Mumbai International Airport email threat to blow up). സ്‌ഫോടനം നടക്കാതിരിക്കണമെങ്കില്‍ 1 മില്യൺ ഡോളർ (8 കോടിയില്‍ അധികം രൂപ) ബിറ്റ്‌കോയിനായി നൽകണമെന്നാണ് ഇവർ ഇമെയിലിലൂടെ ആവശ്യപ്പെട്ടത്. ഇതിനായി 48 മണിക്കൂർ സമയം നൽകിയിട്ടുണ്ട്.
'Quidacasrol@gmail.com' എന്ന ഇമെയിൽ ഐഡി ഉപയോഗിച്ചാണ് ഭീഷണി സന്ദേശം അയച്ചത്. സംഭവത്തിൽ പ്രതി ആരാണെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെയും ആയിട്ടില്ല. അജ്ഞാതനെതിരെ സഹർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. മുംബൈ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ (MIAL) ഫീഡ്‌ബാക്ക് ഇൻബോക്‌സിലേക്ക് ഇന്നലെ രാവിലെ 11 മണിയോടെ മെയിൽ സന്ദേശം എത്തിയതായാണ് പൊലീസ് പറയുന്നത്.
ഭീഷണി മെയിൽ ഇപ്രകാരം: 'ഇത് നിങ്ങളുടെ വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. ഒരു മില്യൺ ഡോളർ ബിറ്റ്‌കോയിനായി ഈ വിലാസത്തിലേക്ക് അയച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഞങ്ങൾ വിമാനത്താവളത്തിന്‍റെ രണ്ടാം ടെർമിനൽ സ്ഫോടനം നടത്തും. 24 മണിക്കൂറിന് ശേഷമായിരിക്കും മറ്റൊരു മുന്നറിയിപ്പ്' - എന്നെഴുതിയ ഇമെയിൽ സന്ദേശമാണ് ലഭിച്ചത്.
പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 385 (കൊള്ളയടിക്കാനായി ഒരു വ്യക്തിയെ പരിക്കേൽപ്പിക്കുമെന്ന് ഭയപ്പെടുത്തുക), 505 (1) (ബി) (പൊതുജനങ്ങൾക്ക് ഭയമോ ഭീതിയോ ഉണ്ടാക്കുന്നതോ പൊതു സമാധാനത്തിന് എതിരായതോ ആയ പ്രസ്‌താവനകൾ ഇറക്കുക) എന്നിവ പ്രകാരമാണ് അജ്ഞാതനെതിരെ നിലവിൽ കേസെടുത്തിട്ടുള്ളത്.