ബംഗളൂരു: നിരവധി കേസുകളിൽ പ്രതിയായ മുംബൈയിലെ ഗുണ്ടാനേതാവ് കർണാടക പൊലീസിന്‍റെ പിടിയിൽ. ഭക്കാന എന്നറിയപ്പെടുന്ന ഇലിയാസ് അബ്‌ദുൾ ആസിഫാണ് അറസ്റ്റിലായത്. കർണാടകയിലെ ഒരു റെസ്റ്റോറന്‍റിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ, കർണാടക പൊലീസ് ചൊവ്വാഴ്‌ച പുലർച്ചെ നടത്തിയ ഓപ്പറേഷനിൽ പിടികൂടുകയായിരുന്നു. കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, കവർച്ച, മയക്കുമരുന്ന് കേസുകൾ തുടങ്ങി 37 കേസുകളില്‍ മുംബൈ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണിയാൾ.
ബംഗളൂരു റൂറൽ എസ്‌പി വംശികൃഷ്ണ, അഡീഷണൽ എസ്‌പി ലക്ഷ്‌മി ഗണേഷ്, ആനേക്കൽ ഡെപ്യൂട്ടി എസ്പി എം മല്ലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അതിസാഹസികമായി ഇയാളെ കീഴടക്കുകയായിരുന്നു.
പ്രതിയുടെ പക്കൽ നിന്നും നാല് ലൈവ് ബുള്ളറ്റുകൾ, ഒരു പിസ്റ്റൾ, 15 സിം കാർഡുകൾ, ആറ് മൊബൈലുകൾ എന്നിവയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഏറ്റവും ഒടുവിലായി വ്യവസായിയായ സിക്കന്ദർ രാജു ലുലാദിയയെ മുംബൈയിലെ ഓഫീസിൽ വച്ച് ആക്രമിച്ച കേസിൽ ഇയാൾക്കെതിരെ മുംബൈ പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ പ്രതി കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു.