മുംബൈ : വ്യാജ വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവിൽ 390 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. മെയ് 30ന് മുംബൈയിലെ ഒരു റസിഡന്‍ഷ്യൽ കോംപ്ലക്‌സിലായിരുന്നു സംഭവം. പിന്നീടാണ് കൊവിന്‍ പോർട്ടലിൽ, ഡ്രൈവിൽ പങ്കെടുത്ത ആളുകളുടെ വിവരമില്ലെന്ന് തിരിച്ചറിയുന്നത്.
സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാക്സിനായി ആളുകളുടെ കയ്യിൽ നിന്നും 1,260 രൂപ വീതം വാങ്ങിയതായി പ്രതികൾ സമ്മതിച്ചു. മൊത്തത്തിൽ വാക്സിനേഷന്‍ സംഘാടകർ 4.56 ലക്ഷം രൂപ സ്വരൂപിച്ചതായി അഡീഷണൽ പൊലീസ് കമ്മിഷണർ ദിലീപ് സാവന്ത് പറഞ്ഞു.
Also read: ആംഫോട്ടെറിസിൻ ബി മരുന്നുകൾക്ക് ക്ഷാമമില്ലെന്ന് കേന്ദ്രമന്ത്രി മൻസുഖ് മണ്ഡാവിയ
റാക്കറ്റിന്‍റെ സൂത്രധാരനായ മഹേന്ദ്ര സിംഗ് 17 വർഷത്തിലേറെയായി മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്നും മുംബൈയിലെ നിരവധി ആശുപത്രികളുമായും ഡോക്ടർമാരുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
ഇയാളുടെ അക്കൗണ്ടിൽ നിന്നും ഒമ്പത് ലക്ഷം രൂപ പിടിച്ചെടുത്തു. കേസിലെ മറ്റ് പ്രതികളായ സഞ്ജയ് ഗുപ്ത, ചന്ദൻ സിംഗ് എന്നിവർ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തുവരികയാണ്.
അതേസമയം ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കാൻ ബൃഹദ് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അനുമതി നൽകിയിട്ടില്ലെന്നും ഡ്രൈവ് സമയത്ത് ഒരു മെഡിക്കൽ ഓഫിസർ പോലും ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. കാന്തിവാലി പൊലീസ് ആണ് കേസെടുത്ത് അന്വേഷിക്കുന്നത്.