മുംബൈ: കപ്പലിലെ ലഹരി മരുന്ന് കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് പുതിയ വഴിത്തിരിവ്. കേസ് എൻഐഎ ഏറ്റെടുത്തേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിന്‍റെ ഭാഗമായി മൂന്ന് എൻഐഎ ഉദ്യോഗസ്ഥർ എൻസിബി ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി മൂന്ന് മണിക്കൂർ ചർച്ച നടത്തിയിരുന്നു.
ഉന്നതരുള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എൻസിബിയിൽ നിന്ന് എൻഐഎ ശേഖരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സംഘത്തിന്‍റെ ഇടപെടല്‍ സംശയിക്കപ്പെടുന്ന കേസ് രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന കണക്ക് കൂട്ടലിലാണ് എന്‍ഐഎയ്‌ക്ക് കൈമാറുന്നതെന്നാണ് ഉറവിടങ്ങള്‍ പ്രതികരിക്കുന്നത്. അതേസമയം കേസിന്‍റെ അന്വേഷണത്തിൽ ക്രമക്കേട് നടന്നതായും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.
അതേസമയം ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് പണം തട്ടാന്‍ ശ്രമിച്ചുവെന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സ്വതന്ത്ര സാക്ഷിയായ പ്രഭാകർ സെയിലിനോട് സംസാരിക്കാതെ ഒരു പുരോഗതിയും ഉണ്ടാക്കാനാവില്ലെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ് വെള്ളിയാഴ്ച പറഞ്ഞു.
ഇതേവരെ അഞ്ച് എൻസിബി ഉദ്യോഗസ്ഥരുടെയും മറ്റ് മൂന്ന് പേരുടെയും മൊഴി രേഖപ്പെടുത്തിയതായും അഞ്ചംഗ സംഘത്തിന്‍റെ തലവനായ സിങ് കൂട്ടിച്ചേര്‍ത്തു. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഷാറൂഖ് ഖാനില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചുവെന്ന് സെയില്‍ നേരത്തെ ആരോപിച്ചിരുന്നു.