മുംബൈ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ചെമ്പൂരിൽ മതിൽ തകർന്ന് വീണ് 17 പേർ മരിച്ചു. ഭാരത് നഗറിലാണ് സംഭവം. മണ്ണിടിച്ചിലാണ് അപകട കാരണം. ഞായറാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. 16 പേരെ രക്ഷിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ മേല്‍നോട്ടത്തില്‍ മേഖലയില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്.
വെള്ളക്കെട്ട് രൂക്ഷം
മഴ ശക്തമായതോടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്. മുംബൈയിലെ കന്തീവാലി ഈസ്റ്റ് ഏരിയയിലെ ഹനുമാൻ നഗറില്‍ വീടുകളിലേക്ക് മഴവെള്ളം കയറിയിട്ടുണ്ട്. സിയോൺ റെയിൽവേ ട്രാക്കും വെള്ളത്തില്‍ മൂടിക്കിടക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളിലെ ചില റൂട്ടുകളിലെ സിറ്റി ബസുകളും വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഗാന്ധി മാർക്കറ്റ് പ്രദേശത്തെ റോഡുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ യാത്രക്കാർ കാര്യമായ ബുദ്ധമുട്ട് നേരിടുന്നുണ്ട്.
മഴ തുടരും
വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് ടീമുകള്‍ മുംബൈയിലെത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറും മഴ തുടരും എന്നതിനാല്‍ മുംബൈയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സിയോൺ, ചെമ്പൂർ, ഗാന്ധി മാർക്കറ്റ്, അന്ധേരി മാർക്കറ്റ്, ആർസിഎഫ് കോളനി, എൽബിഎസ് റോഡ്, വഡാല ബ്രിഡ്ജ് എന്നിവിടങ്ങളെ മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. ബിഎംസി മേഖലയിലേക്ക് വെള്ളം എത്തിക്കുന്ന രണ്ട് തടാകങ്ങളിൽ ഒന്ന് മഴയെത്തുടർന്ന് കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ടുണ്ട്.
also read : അന്ന് നരകമായിരുന്നു, ഇന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്ന ഗ്രാമം... ഇത് ഹൈവെയർ ബസാർ