മൊറേന: മധ്യപ്രദേശിലെ മൊറേന ജില്ലയിൽ തകർന്നുവീണ മിറാഷ് 2000ന്‍റെ ബ്ലാക്ക് ബോക്‌സും സുഖോയ്-30എംകെഐ ജെറ്റിന്‍റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിന്‍റെ ഒരു ഭാഗവും കണ്ടെത്തി. ശനിയാഴ്‌ചയാണ് പരിശീലന പറക്കലിനിടെ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങൾ പഹാർഗഡ് മേഖലയിൽ വച്ച് കൂട്ടിയിടിച്ചത്. അപകടത്തിൽ കർണാടക സ്വദേശി വിങ് കമാൻഡർ ഹനുമന്ത റാവു സാരഥി കൊല്ലപ്പെട്ടിരുന്നു.
മൊറേനയിലെ പഹാർഗഡ് പ്രദേശത്തെ അവശിഷ്‌ടങ്ങളിൽ നിന്നാണ് മിറാഷ് വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. സുഖോയ് വിമാനത്തിന്‍റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിന്‍റെ ഒരു ഭാഗവും കണ്ടെത്തിയിട്ടുണ്ട്. ഇതിന്‍റെ ബാക്കി ഭാഗം രാജസ്ഥാനിലെ ഭരത്പൂരിൽ വീണിരിക്കാം എന്നാണ് നിഗമനം. ഐഎഎഫും പൊലീസും മറ്റ് വകുപ്പുകളും സുഖോയ് എയർക്രാഫ്റ്റ് റെക്കോർഡറിന്‍റെ ശേഷിക്കുന്ന ഭാഗത്തിനായുള്ള തെരച്ചിൽ തുടരുകയാണ്.
അതേസമയം വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തതോടെ അപകടത്തിന്‍റെ ശരിയായ കാരണം കണ്ടെത്താമെന്നാണ് വ്യോമസേനയുടെ പ്രതീക്ഷ. അപകടത്തിന് പിന്നാലെ ഉന്നതതല അന്വേഷണത്തിനും വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. കൂട്ടിയിടിയുടെ സാധ്യതകളാണ് പ്രതിരോധ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നതെങ്കിലും സംഭവത്തിൽ വ്യോമസേനയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
തകർന്ന രണ്ട് വിമാനങ്ങളും പഹാർഗഡ് മേഖലയിലാണ് വീണത്. മധ്യപ്രദേശുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിലെ ഭരത്പൂരിലും വിമാനത്തിന്‍റെ ചില അവശിഷ്‌ടങ്ങൾ വീണു. ഭരത്‌പൂരില്‍ പതിച്ച വിമാനം പൂര്‍ണമായി കത്തി നശിച്ചു. ആകാശത്തു നിന്ന് തീ പടര്‍ന്ന വിമാനം താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
ഇരട്ട സീറ്റുള്ള യുദ്ധ ജെറ്റാണ് സുഖോയ്-30എംകെഐ, എംകെഐ. ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷൻ നിർമ്മിക്കുന്ന മിറാഷ് 2000 ഒറ്റ സീറ്റുള്ള വിമാനമാണ്. ഗ്വാളിയോർ എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് ഇരുവിമാനങ്ങളും അപകടത്തിൽ പെട്ടത്.