ബെംഗളൂരു : അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. ബെംഗളുരുവിലെ കഡുഗോഡിയില്‍ ഇന്ന് രാവിലെയാണ് ദുരന്ത സംഭവം. സൗന്ദര്യ(23), ഇവരുടെ ഒന്‍പത് മാസം പ്രായമുള്ള മകള്‍ എന്നിവരാണ് മരിച്ചത് (Mother and daughter died by electrocution in Bengaluru). നടപ്പാതയിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നാണ് അമ്മയ്ക്കും മകള്‍ക്കും ഷോക്കേറ്റത്.
പുലര്‍ച്ചെ ആയതിനാല്‍ റോഡിലേക്ക് വീണ് കിടന്ന വൈദ്യുതി കമ്പി കാണാതെ അതില്‍ ചവിട്ടിയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദീപാവലി ആഘോഷങ്ങള്‍ക്കായി സൗന്ദര്യയും ഭര്‍ത്താവ് സന്തോഷും ചെന്നൈയിലേക്ക് പോയിരുന്നു. ഇന്നാണ് തിരികെ ബംഗളുരുവില്‍ എത്തിയത്.
വീട്ടിലേക്ക് നടക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. ഷോക്കേറ്റ് തെറിച്ച് വീണ ഭാര്യയേയും മകളെയും രക്ഷിക്കാന്‍ സന്തോഷ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ സന്തോഷിനും വൈദ്യുതാഘാതമേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ചേതന്‍, ജൂനിയര്‍ എഞ്ചിനീയര്‍ രാജണ്ണ, സ്റ്റേഷന്‍ ഓപ്പറേറ്റര്‍ മഞ്ജുനാഥ് എന്നിവരെ കഡുഗോഡി പൊലീസ് ചോദ്യം ചെയ്‌തു. അശ്രദ്ധമൂലമുള്ള കൊലപാതകത്തിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.