ആഗോളതലത്തിൽ 6,92,60,044 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15,76,151 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും 4,80,13,832 പേർ രോഗമുക്തി നേടുകയും ചെയ്‌തു.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. 1,58,20,042 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,96,698 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. കൊവിഡ് പ്രതിരോധ വാക്‌സിൻ പരസ്യമായി എടുക്കാമെന്ന് പറഞ്ഞ ഐക്യരാഷ്‌ട്ര ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് എല്ലാവരും കൊവിഡ് വാക്‌സിൻ എടുക്കണമെന്നും അറിയിച്ചു. വാക്‌സിൻ എല്ലാവർക്കും, എല്ലായിടത്തും, പ്രത്യേകിച്ച് ആഫ്രിക്കയിൽ ലഭ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊവിഡിനെ ഇല്ലാതാക്കാനും പോളിയോ നിർമാർജനം ചെയ്യാനുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൈക്രോസോഫ്‌റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും ഒരുമിച്ച് പ്രവർത്തിക്കാൻ സമ്മതിച്ചതായി ഔദ്യോഗിക പ്രസ്‌താവന പുറത്തിറക്കി. കൊവിഡിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ തന്‍റെ രാജ്യത്തിന് പദ്ധതിയില്ലെന്നും എന്നാൽ വാക്‌സിനുകളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും തുർക്കി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക പറഞ്ഞു.