അയോധ്യ (ഉത്തർപ്രദേശ്) : നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചതിന് അയോധ്യയിൽ യുവാവിന് സദാചാര വാദികളുടെ ക്രൂരമർദനം. പുണ്യസ്‌നാന സ്ഥലമായി വിശേഷിപ്പിക്കപ്പെടുന്ന, സരയു നദിയിലെ റാം കീ പൈദി ഘട്ടിലാണ് സംഭവം. കുളിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന പുരുഷന്മാർ യുവാവിനെ ഭാര്യയില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി മർദിക്കുകയായിരുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'ഇത്തരം ആഭാസങ്ങൾ അയോധ്യയിൽ വച്ചുപൊറുപ്പിക്കില്ല' എന്ന് ഒരാൾ ആക്രോശിക്കുന്നത് വീഡിയോയിലുണ്ട്. ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ഭാര്യ ശ്രമിക്കുന്നുണ്ടെങ്കിലും സദാചാര പൊലീസ് ചമഞ്ഞ് ആളുകൾ മർദനം തുടരുകയായിരുന്നു. വിഷയത്തിൽ അന്വേഷണം നടത്തി ആവശ്യമായ നിയമനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് അയോധ്യ പൊലീസ് അറിയിച്ചു.