ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മോദി അപകീര്‍ത്തി കേസില്‍ സുപ്രീം കോടതിയുടെ സ്റ്റേയില്ല. ഹര്‍ജി ഓഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കും. പരാതിക്കാരനായ ബിജെപി എംപി പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാറിനും സുപ്രീംകോടതി നോട്ടിസ് അയച്ചു. വിഷയത്തില്‍ പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഗുജറാത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു രാഹുലിന്‍റെ ഹര്‍ജി.
ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, പി.കെ മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഗുജറാത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ഇല്ലെങ്കില്‍ അത് സംസാര സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശത്തിന്‍റെ ലംഘനമാകുമെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍ പറഞ്ഞു. തന്‍റെ അയോഗ്യത വേഗത്തില്‍ പിന്‍വലിക്കണമെന്നും ഏത് സമയവും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല.
സ്റ്റേ ആവശ്യപ്പെട്ട് ആദ്യം ഗുജറാത്ത് ഹൈക്കോടതിയിലേക്ക് : മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച ഗുജറാത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ആദ്യം ഹൈക്കോടതിയില്‍ എത്തിയെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
കേസില്‍ തനിക്കെതിരെ നീതി യുക്തമായ അന്വേഷണം നടക്കാതെയാണ് ശിക്ഷ വിധിച്ചതെന്നും കേസ് തീര്‍ത്തും രാഷ്‌ട്രീയപരമാണെന്നും രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. തന്‍റെ എതിരാളിയായ പ്രധാനമന്ത്രിയുടെ നടപടികളെ വിമര്‍ശിക്കുന്നതിനും അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിനും തനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസില്‍ പരാതിക്കാരനായ പൂര്‍ണേഷ് മോദി കോടതിയില്‍ തടസ ഹര്‍ജി നല്‍കി. നിലവിലെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീങ്ങിയാല്‍ മാത്രമേ അദ്ദേഹത്തിന്‍റെ ലോക്‌സഭാംഗത്വം പുനസ്ഥാപിക്കപ്പെടുകയുള്ളൂ.
'മോദി' പരാമര്‍ശവും കേസും : 2019 ഏപ്രില്‍ 13നാണ് കേസിനാസ്‌പദമായ സംഭവം. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി കര്‍ണാടകയിലെ കോലാറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമുണ്ടായത്. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നതെന്നായിരുന്നു രാഹുലിന്‍റെ ചോദ്യം.
കള്ളന്മാരുടെയെല്ലാം പേരിന്‍റെ കൂടെ മോദിയെന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എന്നിവരെ കുറിച്ചാണ് രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയത്. എന്നാല്‍ ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമുദായത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി പൂര്‍ണേഷ് മോദി പരാതിയുമായെത്തിയത്.
പരാതിക്ക് പിന്നാലെയുണ്ടായ കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് ഗുജറാത്ത് കോടതി വിധി പുറപ്പെടുവിച്ചത്. വിധി വന്നതിന് ശേഷം എംപി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടുകയും ചെയ്‌തു.