ന്യൂഡല്‍ഹി: മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സൂറത്ത് കോടതി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ വയനാട് എംപി ആയ അദ്ദേഹത്തെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കി. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ഉന്നയിച്ചത്.
എന്നാല്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് നടപടിയില്‍ ഈ വിഷയം അവസാനിക്കില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സമാന കേസ് ബിഹാറിലെ പട്‌ന കോടതിയുടെ പരിഗണനയ്‌ക്കും എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏപ്രില്‍ 12 ന് നേരിട്ട് പട്‌ന കോടതിയില്‍ ഹാജരാകണം.
2019ൽ സൂറത്ത് കോടതിയിൽ അപകീര്‍ത്തി കേസ് ഫയൽ ചെയ്‌ത അതേ വർഷം തന്നെ ഫയല്‍ ചെയ്‌ത കേസിലാണ് ഇപ്പോള്‍ നടപടി. ബിജെപി രാജ്യസഭ എംപി സുശീൽ കുമാർ മോദിയാണ് പട്‌നയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്‌തിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയെ നടപടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കഴിഞ്ഞ ദിവസം സുശീൽ കുമാർ മോദി പ്രതികരണം നടത്തിയിരുന്നു. ലക്ഷക്കണക്കിന് പിന്നോക്കക്കാരെ അപകീര്‍ത്തിപ്പെടുത്തിയ പരാമര്‍ശം നടത്തിയതിന്‍റെ പേരിലാണ് രാഹുല്‍ ഗാന്ധിക്ക് ശിക്ഷ നേരിടേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുകളില്‍ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം കോണ്‍ഗ്രസ് അതിന്‍റെ പഴി ഇവിഎം മെഷീനുകള്‍ക്ക് മേലാണ് ചുമത്തുന്നത്. തങ്ങള്‍ക്ക് എതിരായി എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍, ജുഡീഷ്യറി, മാധ്യമങ്ങള്‍ എന്നിവയെ എല്ലാം പ്രതികൂട്ടില്‍ നിര്‍ത്താന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സൂറത്ത് കോടതി വിധി അംഗീകരിച്ച് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജുഡീഷ്യറിയെ മാനിക്കണം.
രാഹുല്‍ ഗാന്ധിക്ക് മുന്‍പ് ലാലു യാദവ്, ജയലളിത എന്നിവരടക്കം ഇരുന്നൂറോളം പേര്‍ക്ക് ഒന്ന് അല്ലെങ്കില്‍ മറ്റൊരു കേസില്‍ അംഗത്വം നഷ്‌ടപ്പെടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് പുതിയ ഒരു കാര്യമല്ല. രാഹുല്‍ ഗാന്ധി നിയമങ്ങള്‍ക്ക് അതീതം അല്ലെന്നും സുശീൽ കുമാർ മോദി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്‍റെ പ്രധാനമന്ത്രി മോദിയുടെ പേരിനെ കുറിച്ച് അനിയന്ത്രിതമായി പരാമര്‍ശം നടത്തുകയും തുടര്‍ന്ന് മാപ്പ് പറയാതിരിക്കുകയും ചെയ്യുന്നത് രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്‌ട്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. ഈ മനോഭാവത്തിന് കൂടിയാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. പിന്നാക്ക ജാതിക്കാരനായ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നമ്മുടെ രാജ്യം തെരഞ്ഞെടുത്തിരിക്കുന്നത് രാഹുൽ ഗാന്ധിക്കും ഒപ്പം കോൺഗ്രസിനും ദഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ സമുദായത്തില്‍പ്പെട്ടവരെയെല്ലാം കള്ളന്മാരെന്ന് വിളിച്ച് രാഹുല്‍ ഗാന്ധി അപമാനിച്ചതെന്നും സുശീല്‍ മോദി ആരോപിച്ചു.
Also Read: രാഹുലിന്‍റെ എം.പി സ്ഥാനം നഷ്ടപ്പെടുത്തിയതിനെതിരെ പോരാടാനുറച്ച് കോണ്‍ഗ്രസ്