ന്യൂഡൽഹി: രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയുടേയും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്‌ത്രിയുടേയും ജന്മദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്‌ച ഡൽഹിയിലെ പ്രധാനമന്ത്രി സംഗ്രഹാലയയിലെ ശാസ്‌ത്രിയുടെ ഗാലറിയുടെ ദൃശ്യങ്ങൾ മോദി പങ്കുവയ്‌ക്കുകയും ചെയ്‌തു. ഗാലറി സന്ദർശിക്കാൻ മോദി ജനങ്ങളോട് അഭ്യർഥിച്ചു.
മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാർഷികത്തിൽ തന്നെയാണ് ഇന്ത്യയിൽ ആസാദി കാ അമൃത് മഹോത്സവം നടന്നത്. അതുകൊണ്ട് തന്നെ ഈ വാർഷികം ഏറെ സവിശേഷതയുള്ളതാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ഗാന്ധിജിയോടുള്ള ആദരസൂചകമായി എല്ലാവരും ഖാദിയും മറ്റു കരകൗശല ഉത്‌പന്നങ്ങളും വാങ്ങണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
അതുപോലെ രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു കാലഘട്ടത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ് ലാൽ ബഹദൂർ ശാസ്‌ത്രിയെന്നും പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്‍റെ ജീവിതയാത്രയും നേട്ടങ്ങളും ഉൾപ്പെടുത്തിയ ഗാലറി ഞാൻ നിങ്ങൾക്കായി തുറന്നു തരുന്നുവെന്നും അദ്ദേഹത്തിന്‍റെ ജന്മദിനത്തിൽ ആദരമർപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. 1986 ൽ ഗുജറാത്തിലെ പോർബന്തറിൽ ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധി കൊളോണിയൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ അഹിംസാത്മകമായ ചെറുത്ത് നിൽപ്പ് സ്വീകരിച്ച് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ മുൻ നിരയിൽ നിന്ന പോരാളിയാണ്. സ്വരാജ്, അഹിംസ എന്നിവയിലുള്ള അദ്ദേഹത്തിന്‍റെ അചഞ്ചലമായ വിശ്വാസം അദ്ദേഹത്തിന് ബാപ്പു എന്ന പേര് നേടികൊടുത്തു.
1948 ൽ ഡൽഹിയിൽ വച്ച് അദ്ദേഹം ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സേയുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. 1904ൽ ഉത്തർപ്രദേശിൽ ജനിച്ച ലാൽ ബഹദൂർ ശാസ്‌ത്രി ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ്. 1966 ജനുവരി 11ന് പാകിസ്ഥാനുമായി താഷ്‌കന്‍റ് ഉടമ്പടി ഒപ്പുവച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം അന്തരിച്ചത്.