ന്യൂഡൽഹി: കേന്ദ്രത്തിന്‍റെ പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നത് പശ്ചിമ ബംഗാൾ സർക്കാർ തടയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പിഎം കിസാന് കീഴിൽ ഒമ്പത് കോടിയിലധികം കർഷക കുടുംബങ്ങൾക്ക് 18,000 കോടി രൂപ അനുവദിച്ച ശേഷം വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമത ബാനർജി ബംഗാൾ സംസ്ഥാനം നശിപ്പിച്ചുവെന്നും 70 ലക്ഷത്തിലധികം കർഷകരുടെ ജീവിതെ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു. പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന പശ്ചിമ ബംഗാളിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരാത്തതെന്താണെന്നും പ്രധാനമന്ത്രി ചോദിച്ചു.
ബംഗാളിലെ 70 ലക്ഷത്തോളം കർഷകർക്ക് കേന്ദ്ര പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ല. കർഷകർക്ക് പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യം നൽകുന്ന പദ്ധതിയാണ് പിഎം കിസാൻ. 2,000 രൂപയുടെ മൂന്ന് ഗഡുകളായാണ് തുക ലഭിക്കുക. ഫണ്ട് നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നു. പശ്ചിമ ബംഗാളിൽ ഈ പദ്ധതി നടപ്പാക്കിയിട്ടില്ല. ഈ പദ്ധതി ലഭ്യമാക്കുന്നതിന് ബംഗാളിൽ നിന്നുള്ള 23 ലക്ഷത്തിലധികം കർഷകർ ഓൺലൈനിൽ അപേക്ഷിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സ്ഥിരീകരണ പ്രക്രിയ നിർത്തിവച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.