ഹൈദരാബാദ് (തെലങ്കാന) : സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു വിട്ടുനിന്നതിന് പിന്നാലെ തെലങ്കാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തിന്‍റെ വികസന പദ്ധതികള്‍ക്ക് തെലങ്കാന സർക്കാർ തടസം നൽക്കരുതെന്ന് പറഞ്ഞ പ്രധാനമന്ത്രി സംസ്ഥാനത്ത് കുടുംബ വാഴ്‌ചയുടെ മറവിൽ അഴിമതി നടക്കുകയാണെന്നും ആരോപിച്ചു.
പ്രധാനമന്ത്രി പങ്കെടുത്ത സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യൽ ചടങ്ങിലും അതിന് പിന്നാലെ നടന്ന വിവിധ പദ്ധതികളുടെ തറക്കല്ലിടലിലും ചന്ദ്രശേഖർ റാവു പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി തെലങ്കാനയിലെത്തിയപ്പോഴും ചന്ദ്രശേഖര്‍ റാവു വിട്ടുനിന്നിരുന്നു.
'കേന്ദ്രത്തിന്‍റെ പദ്ധതികളോടുള്ള സംസ്ഥാന സർക്കാരിന്‍റെ നിസഹകരണത്തിൽ എനിക്ക് വേദനയുണ്ട്. ഇത് തെലങ്കാനയിലെ ജനങ്ങളുടെ സ്വപ്‌നങ്ങളെ ബാധിക്കുന്നു. തെലങ്കാനയിലെ ജനങ്ങൾക്കായി ആസൂത്രണം ചെയ്യുന്ന വികസന പദ്ധതികളിൽ തടസം നിൽക്കരുതെന്ന് ഞാൻ സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുന്നു' - വന്ദേ ഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം ഹൈദരാബാദിൽ നടന്ന റാലിയിൽ മോദി പറഞ്ഞു.
'കുടുംബ വാഴ്‌ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരുപിടി ആളുകൾ തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളിൽ നിന്ന് എങ്ങനെ നേട്ടം കൊയ്യാമെന്ന് നോക്കുകയാണ്. കുടുംബ വാഴ്‌ചയും അഴിമതിയും വ്യത്യസ്‌തമല്ല. കുടുംബ വാഴ്‌ച ഉള്ളിടത്താണ് അഴിമതി വളരുന്നത്. തെലങ്കാനയിലെ പാവപ്പെട്ട ജനങ്ങൾക്ക് നൽകുന്ന റേഷൻ പോലും കുടുംബാധിപത്യത്തിലൂടെ കൊള്ളയടിക്കുകയാണ് - മോദി ആരോപിച്ചു.
മൂന്ന് മാസത്തിനിടെ തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും ഇടയിൽ ആരംഭിക്കുന്ന രണ്ടാമത്തെ സെമി-ഹൈസ്‌പീഡ് എക്‌സ്‌പ്രസ് ട്രെയിനാണ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്‌ത സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ്. ഇതിലൂടെ സെക്കന്തരാബാദിൽ നിന്ന് തിരുപ്പതിയിലേക്കുള്ള യാത്രാസമയം മൂന്നര മണിക്കൂറായി കുറയ്‌ക്കാനാകും. സെക്കന്തരാബാദ്- വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്‌പ്രസ് മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്‌തിരുന്നു.
11,300 കോടിയുടെ പദ്ധതി : പിന്നാലെ തെലങ്കാന ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾക്കായി 11,300 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. 1,350 കോടി രൂപ ചെലവിൽ ബീബിനഗറിൽ നിർമ്മിക്കുന്ന എയിംസ്, 7,850 കോടി രൂപ ചെലവിൽ രണ്ട് സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന അഞ്ച് ദേശീയപാത പദ്ധതികൾ, 720 കോടിയുടെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്‍റെ വികസന പദ്ധതികൾ എന്നിവയ്‌ക്കും മോദി തറക്കല്ലിട്ടു.
പിന്നാലെ സെക്കന്തരാബാദ്-മെഹബൂബ് നഗർ റെയിൽവേ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഏകദേശം 85 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി 1,410 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. ഹൈദരാബാദ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി ചെന്നൈയിലെത്തി. ചെന്നൈ വിമാനത്താവളത്തിന്‍റെ പുതിയ ടെർമിനൽ കെട്ടിടം, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയുടെ ഉദ്ഘാടനങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചു.