ചെന്നൈ: കൊവിഡ് കേസുകൾ കോയമ്പത്തൂരിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കൂടാതെ ബ്ലാക്ക് ഫംഗസിന്‍റെയും മ്യൂക്കോർമൈക്കോസിന്‍റെയും ഫലങ്ങൾ പഠിക്കാൻ ഉന്നതതല ടീമിനെയും മുഖ്യമന്ത്രി നിയോഗിച്ചു.
കോയമ്പത്തൂരിൽ വ്യാഴാഴ്ച 2,779 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് കോയമ്പത്തൂർ ചെന്നൈയിലെ കേസുകളുടെ എണ്ണത്തെ മറികടക്കുന്നത്. കൊവിഡ് കേസുകളും മരണങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈറോഡ്, തിരുപ്പൂർ, സേലം ഉൾപ്പെടെയുള്ള ജില്ലകളിലെ ഉദ്യോഗസ്ഥരുമായും സ്റ്റാലിൻ ഒരു യോഗം ചേർന്നു. ജാഗ്രത കർശനമാക്കാനും ബ്രേക്ക് ദ ചെയിനിലൂടെ വ്യാപനം നിയന്ത്രിക്കാനും അദ്ദേഹം ജില്ലാ കലക്ടർമാരോട് ആവശ്യപ്പെട്ടു.
READ MORE: കൊവിഡ് കാരണം അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി
ഇപ്പോൾ തമിഴ്‌നാട്ടിൽ നിലവിലുള്ള കർശനമായ ലോക്ക്ഡൗൺ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് സ്റ്റാലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ ലോക്ക്ഡൗൺ നീട്ടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തമിഴ്‌നാട്ടിൽ ഇതുവരെ 19 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 5 ലക്ഷത്തോളം പേർ ചെന്നൈയിലാണ്.