ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ മിസ് വേൾഡ് ഫിനാലെ മത്സരം നീട്ടി വച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കുന്ന 2020ലെ മിസ് ഇന്ത്യ മാനസ വാരണാസി ഉൾപ്പെടെ 17 മത്സരാർഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് മത്സരങ്ങൾ അടുത്ത മൂന്ന് മാസത്തേക്ക് നീട്ടിവച്ചത്.
ALSO READ: നടന്‍ വിക്രമിന് കൊവിഡ് സ്ഥിരീകരിച്ചു
മത്സരാർഥികളുടെയും സ്റ്റാഫ്, ക്രൂ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും ആരോഗ്യ സുരക്ഷ മുൻകരുതലുകൾ പരിഗണിച്ചാണ് തീരുമാനമെന്നും അടുത്ത 90 ദിവസത്തിനുള്ളിൽ പ്യൂർട്ടോ റിക്കോ കൊളീഷ്യം ജോസ് മിഗുവൽ അഗ്രലോട്ടിൽ മത്സരത്തിന്‍റെ ആഗോള സംപ്രേക്ഷണം പുനഃക്രമീകരിക്കുമെന്നും മിസ് വേൾഡ് ഓർഗനൈസേഷൻ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ സ്റ്റേജിലും ഡ്രസ്സിങ് റൂമുകളിലും ഉൾപ്പെടെ മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിലും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ വിദഗ്ധരുമായും പ്യൂർട്ടോ റിക്കോ ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റുമായും ചർച്ച നടത്തിയ ശേഷമാണ് തീരുമാനമെന്ന് ഓർഗനൈസേഷൻ വ്യക്തമാക്കി. ക്വാറന്റൈൻ, തുടർ പരിശോധനകൾ എന്നിവ പൂർത്തിയാക്കിയ ശേഷം മത്സരാർഥികളോട് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാനും മിസ് വേൾഡ് ഓർഗനൈസേഷൻ നിർദേശിച്ചു.