പട്‌ന: ബിഹാറിലെ കിയൂൾ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ അക്രമികൾ വെടിയുതിർത്തു. സംഭവത്തിൽ ഒരു ഹോം ഗാർഡ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഡ്യൂട്ടി പൂർത്തിയാക്കി സ്വന്തം പട്ടണത്തിലേക്ക് പോവുകയായിരുന്ന ഭുനേശ്വർ കുമാറിനാണ് വെടിവെപ്പിൽ കൈക്ക് പരിക്കേറ്റത്.
ഡെറാഡൂൺ-ഹൗറ ഉപാസന എക്‌സ്‌പ്രസ് കിയൂൾ റെയിൽവേ സ്റ്റേഷനിലൂടെ കടക്കുമ്പോൾ അജ്ഞാതർ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. തുടർന്ന് ട്രെയിൻ കിയുൾ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ ഇക്കാര്യം റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ കേസ് ഫയൽ ചെയ്യുകയും പരിക്കേറ്റ ഹോം ഗാർഡിനെ ചികിത്സയ്ക്കായി കിയുൾ റെയിൽവേ പിഎച്ച്‌സിയിലേക്ക് മാറ്റുകയും ചെയ്‌തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ സാധിക്കൂ എന്നും പ്രതികളെ പിടികൂടാനായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിചേർത്തു.