ന്യൂഡൽഹി: ഒമ്പത് വയസുള്ള ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഓഗസ്റ്റ് ഒന്നിനാണ് സംഭവം. ഡൽഹിയിലെ പഴയ നംഗൽ ഗ്രാമത്തിലെ ശ്‌മശാനത്തിനടുത്ത് വാടക വീട്ടിലാണ് പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്.
കൃത്യം നടന്ന ദിവസം പെൺകുട്ടി ശ്‌മശാനത്തിലെ കൂളറിൽ നിന്നും വെള്ളമെടുക്കാൻ പോയിരുന്നു. ഇവിടെ വച്ച് ശ്‌മശാനത്തിലെ പുരോഹിതനടക്കം നാല് പേരടങ്ങിയ സംഘം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വെള്ളമെടുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റതായി പെൺകുട്ടിയുടെ അമ്മയെ ഇവർ ബോധിപ്പിച്ചു. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ നിന്നും അമ്മയെ പിന്തിരിപ്പിച്ച സംഘം പോസ്റ്റ്‌മോർട്ടത്തിൽ ഡോക്‌ടർമാർ കുട്ടിയുടെ അവയവങ്ങൾ മോഷ്‌ടിക്കുമെന്നും അതിനാൽ ഇപ്പോൾ തന്നെ ശരീരം ദഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ALSO READ: അന്ന് ലണ്ടൻ ഒളിമ്പിക്‌സിൽ, ഇന്ന് തോട്ടംതൊഴിലാളി; തകർന്ന സ്വപ്‌നങ്ങളുമായി പിങ്കി
ഇവരുടെ നിർബന്ധത്തിൽ പെൺകുട്ടിയെ സംസ്‌കരിച്ചെങ്കിലും പിന്നീട് തങ്ങളുടെ സമ്മതമില്ലാതെയാണ് സംഘം അത് ചെയ്‌തതെന്ന് മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും റോഡ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ശ്‌മശാനത്തെത്തി പരിശോധന നടത്തി. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികൾക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. നിലവിൽ പ്രതികൾ ഡൽഹി പൊലീസ് കസ്റ്റഡിയിലാണ്.