ചിത്രദുര്‍ഗ (കർണാടക) : കര്‍ണാടകയില്‍ പതിനേഴുകാരിയെ ഭർത്താവ് ഉള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു. കർണാടകയിലെ ചിത്രദുര്‍ഗയില്‍ ജൂണ്‍ 7നാണ് ക്രൂരമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവ്, ഇയാളുടെ മൂന്ന് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ചിത്രദുര്‍ഗ വനിത പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു.
ഭര്‍ത്താവിനെതിരെ ബാലവിവാഹത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രതി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം ചിത്രദുര്‍ഗയിലെ മലപ്പനഹട്ടി റോഡിന് സമീപത്തേക്ക് വരാന്‍ പെണ്‍കുട്ടിയോട് ഭര്‍ത്താവ് ആവശ്യപ്പെട്ടു.
Also read: 12 വയസുകാരിയെ രണ്ട് തവണ വിവാഹം കഴിപ്പിച്ചു! അമ്മയും ഭര്‍ത്താവും അറസ്റ്റില്‍
തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞ കണ്‍സ്‌ട്രക്ഷന്‍ സൈറ്റിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ജൂണ്‍ 25നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. വിവസ്‌ത്രയാക്കിയ ശേഷം സിഗരറ്റ് കൊണ്ട് പൊള്ളിച്ചുവെന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഉറക്കെ നിലവിളിച്ച പെണ്‍കുട്ടിയുടെ തലയ്‌ക്ക് അടിച്ചുവെന്നും പരാതിയില്‍ പറയുന്നു.
തലയ്ക്ക് അടിയേറ്റതോടെ അബോധാവസ്ഥയിലായ പെണ്‍കുട്ടിക്ക് പിന്നീട് ആശുപത്രിയില്‍ വച്ചാണ് ബോധം വരുന്നത്. സംഭവത്തെ കുറിച്ച് പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ജില്ല ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.